വൈക്കത്ത് പുഞ്ചകൃഷിയിൽ വ്യാപക നാശം; തലയാഴത്ത് 65 ഏക്കർ നെല്ല് നശിച്ചു

വേനൽ മഴയിൽ വൈക്കത്ത് വെച്ചൂരിലും തലയാഴത്തും പുഞ്ചകൃഷിയിൽ വ്യാപക നാശം. വെച്ചൂർ പഞ്ചായത്തിലെ രണ്ടാമത്തെ വലിയ പാടശേഖരമായ വലിയപുതുക്കരിയിൽ മാത്രം പകുതിയോളം നെല്ലാണ് അടിഞ്ഞത്. തലയാഴത്ത് തോട്ടകത്ത് 65 ഏക്കറിലെ നെല്ല് നശിച്ചു.  

മൂന്ന് ദിവസം മുമ്പ് കൊയ്ത്തിന് തയ്യാറായ പാടശേഖരങ്ങളിൽ  വെള്ളം നിറഞ്ഞതോടെ  കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയാണ്.  ഇതിന് പുറമെ വ്യാപകമായി നെല്ലടിഞ്ഞു. അടിഞ്ഞ നെല്ല് കിളിർത്ത് തുടങ്ങിയതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.  വെച്ചൂർ വലിയപുതുക്കരി പാടത്തേ 456 ഏക്കറിലെ പടിഞ്ഞാറു ഭാഗത്തെ നെല്ല് പൂർണ്ണമായും അടിയുകയും മദ്ധ്യഭാഗത്തെ നെല്ല് വെള്ളത്തിലാവുകയും ചെയ്തു. വൈദ്യുതി മുടക്കം മൂലം പമ്പിങ് തടസപ്പെടുന്നത്   വെള്ളക്കെട്ടിൽ കൂടുതൽ നെല്ലടിയാൻ  കാരണമാകും. 

തലയാഴത്ത് മു ണ്ടാർ ഏഴിലെ 65 ഏക്കറിലാണ് കൃഷി നാശം. വർഷങ്ങളായി തരിശ് കിടന്ന പാടത്ത് 4വർഷം മുൻമ്പാണ് 40 ഓളം കർഷകർ വിത്തിടാൻ തുടങ്ങിയത്. ഇവിടെ ഏക്കറിന് അറുപതിനായിരം രൂപയോളമാണ് ഓരോ കർഷകനുമുണ്ടായിരിക്കുന്ന നഷ്ടം.

67 ഏക്കർ വരുന്ന കട്ടമട,62 ഏക്കറുള്ള മുന്നൂറ്റം പടവ് ,120 ഏക്കറുള്ള പട്ടടക്കരി എന്നീ പാടശേഖരങ്ങളിലും വിളവ് മഴയെടുക്കുകയാണ്. അരങ്ങത്ത്കരി പാടത്തെ 120 ഏക്കറിലെ കൊയ്ത നെല്ല്  പാടത്ത് കിടക്കുന്നതും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.