രണ്ടിനം നെൽവിത്തുകൾ കൂടി കർഷകരിലേക്ക്; വിത്തിനങ്ങളുടെ പരീക്ഷണം വിജയകരം

കേരളത്തിന്റെ അരിയാഹാരങ്ങള്‍ക്ക് രുചിയേകാന്‍ രണ്ട് നെല്ല് വിത്തിനം കൂടി കര്‍ഷകര്‍ക്ക് ലഭിക്കുന്നു. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച വിത്തിനങ്ങളുടെ പരീക്ഷണം പാലക്കാട്ട് വന്‍വിജയമായി. വരണ്ട കാലാവസ്ഥയിലും ഉയര്‍ന്ന വിളവും രോഗപ്രതിരോധശേഷിയുമാണ് പ്രത്യേകത. 

അക്ഷയ, സുപ്രിയ എന്നീ രണ്ടു നെല്‍വിത്തുകള്‍ കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ ഇനി പൊന്നുവിളയിക്കും. നെല്ലറയുടെ നാടായ പാലക്കാട് എലപ്പുളളിയിലെ ഉണ്ണികൃഷ്ണന്റെ പാടശേഖരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ കൊയ്ത്തുല്‍സവത്തിന് മാറ്റു കൂടി. പ്രണവ,വെളളരി എന്നിവയുടെ സങ്കരയിനമാണ് സുപ്രിയ. പ്രണവയും ചേറ്റടിയും ചേര്‍ന്നതാണ് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വികസിപ്പിച്ച അക്ഷയ. വരണ്ട കാലാവസ്ഥയില്‍ പോലും കുറഞ്ഞ ദിവസത്തിനുളളില്‍  രോഗങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഉയര്‍ന്ന വിളവു നല്‍കുന്നതാണ് രണ്ടു നെല്‍വിത്തുകളും. വെളളത്തിന് കുറവു വരുന്ന രണ്ടാം വിള നെല്‍കൃഷിക്ക് പ്രയോജനപ്പെടുമെന്നാണ് കൃഷി ശാസ്ത്രജ്ഞരുടെ അഭിപ്രായം. 

വിളവ്, നിറം, വേവ്, രൂപം എന്നിവയെല്ലാം ഒത്തിണങ്ങിയ രണ്ടു നെല്‍വിത്തുകളും കൂടുതല്‍ കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ മുഖേന വിത്ത് നല്‍കും. ഒരേക്കറില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറു കിലോ നെല്ല് വരെ ലഭിക്കുമെന്നാണ് കണക്ക്.