മൂന്ന് പതിറ്റാണ്ടിലധികമായി തരിശായി കിടന്നു; നെല്‍ക്കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്

കോതമംഗലം നേര്യമംഗലം ചന്തു ആദിവാസി കോളനിയിലെ നെല്‍ക്കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്. ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ട്രൈബൽ വകുപ്പിന്റെ ധനസഹായത്തോടെ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ആന്റണി ജോൺ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സ്വന്തമായി ഭൂമിയില്ലാത്ത എറണാകുളം ജില്ലയിലെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിന് സമീപം 42 ഏക്കർ സ്ഥലം സർക്കാർ വിട്ടുനൽകിയിരുന്നു. ഇവിടെ സ്ഥിരതാമസമുള്ളവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ട്രൈബൽ വകുപ്പും, കൃഷി വകുപ്പും, ജില്ലാ പഞ്ചായത്തും കൈകോർത്തത്. 

ആദ്യഘട്ടമെന്ന നിലയിൽ കൃഷിയിറക്കിയ രണ്ടേക്കർ പാടത്താണ് കൊയ്തുൽസവം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി തരിശ് കിടന്ന സ്ഥലമാണ് നെൽകൃഷിക്ക് വേണ്ടി ഒരുക്കിയെടുത്തത്. ദിവസക്കൂലിയും, വിത്തും, വളവും, പണിയായുധങ്ങളും നൽകി ആദിവാസികളെ കൃഷിയിലേക്ക് അടുപ്പിച്ചു. 

ഇവിടെ കൃഷിയിറക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് വിളവെടുപ്പ്  ഉദ്ഘാടനം ചെയ്ത ആന്റണി ജോൺ എംഎൽഎ പറഞ്ഞു. നെൽകൃഷി തുടർന്നു കൊണ്ടു പോകുന്നതിനൊപ്പം പച്ചക്കറി കൃഷിയും ആരംഭിക്കുമെന്ന് കോളനി നിവാസികൾ പറഞ്ഞു.