വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നുവെന്ന് ആരോപണം; പ്രതിഷേധവുമായി കര്‍ഷകര്‍

വനംവകുപ്പ് ഉദ്യോഗസ്ഥർ കൃഷിഭൂമി കൈയ്യേറുന്നുവെന്നാരോപിച്ച് കോഴിക്കോട് പെരുവണ്ണാമൂഴി റേഞ്ച്  ഓഫിസിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. ഓനിപ്പുഴയോരത്തെ പത്ത് കർഷകരുടെ ഭൂമിയിലാണ് വനപാലകർ സർവേ നടത്തി അടയാളം സ്ഥാപിച്ചത്. 

നൂറ് കണക്കിന് കർഷകരാണ് പ്രതിഷേധവുമായി റേഞ്ച്  ഓഫിസിലേയ്ക്ക് എത്തിയത്. അഞ്ഞൂറ് മീറ്റർ അകലെവച്ച് പൊലീസ് വടം കെട്ടി കർഷകരെ തടഞ്ഞു. നോട്ടീസ് പോലും നൽകാതെ കർഷകരുടെ ഭൂമിയിൽ കയറി അളന്നു തിരിച്ച വനപാലകരാണ് യഥാർഥ കയ്യേറ്റക്കാരെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് കുറ്റപ്പെടുത്തി.

ചർച്ചകൾക്കായി ഓഫിസിലെത്തിയ ഒൻപത് പേർക്കെതിരെ കേസ് എടുത്തത് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 1977ലെ രേഖകൾ പ്രകാരം വനാതിർത്തി നിർണയിക്കുക മാത്രമാണ് ചെയ്തതെന്ന് റേയ്ഞ്ച് ഓഫിസർ പറയുന്നു. എന്നാൽ നികുതി  അടച്ച രേഖകളും ആധാരവും കൈയ്യിലുണ്ടെന്ന് കർഷകരും വാദിക്കുന്നു. സർവേ നടത്താൻ വനപാലകരെ കൃഷിഭൂമിയിൽ കയറ്റേണ്ടെന്നാണ് നാട്ടുകാരുടെ തീരുമാനം.