റബർ പാൽ അളക്കുന്നത് പഴയ ത്രാസിൽ; ത്രാസിലെ പിഴവ് തൊഴിലാളികൾക്ക് നഷ്ടം

കോഴിക്കോട് മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ റബര്‍ പാലളക്കാന്‍ ഉപയോഗിക്കുന്നത് പത്ത് വര്‍ഷം മുന്‍പ് സീല്‍ ചെയ്ത ത്രാസുകള്‍. ത്രാസിലെ പിഴവ് കാരണം തൊഴിലാളികള്‍ക്ക് അളവുതൂക്ക കാര്യത്തില്‍ കനത്ത നഷ്ടമുണ്ടാകുന്നുവെന്നാണ് പരാതി. എസ്റ്റേറ്റ് അധികൃതര്‍ക്ക് പിഴവ് പരിഹരിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.  

കാലപ്പഴക്കം കാരണം ത്രാസുകളില്‍ പലതും കൃത്യമായ അളവ് തൂക്കമല്ല രേഖപ്പെടുത്തുന്നത്. തൊഴിലാളികള്‍ ശേഖരിക്കുന്ന റബര്‍ പാലിന്റെ അളവ് കൃത്യമാക്കുന്നതിനും കഴിയുന്നില്ല. ഇത് തൊഴിലാളികള്‍ക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. പലതവണ പരാതി അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ പിഴവ് പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നാണ് പരാതി. 

പൊതുമേഖല സ്ഥാപനത്തില്‍ ഇത്രമാത്രം പിഴവോടെ അളവ് തൂക്ക സംവിധാനം തുടരുന്നത് കടുത്ത നിയമലംഘനമെന്നാണ് വിലയിരുത്തല്‍. തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്ന് കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം എസ്റ്റേറ്റിലെത്തി അളവ്തൂക്ക സംവിധാനങ്ങള്‍ പരിശോധിച്ചിരുന്നു. ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നായിരുന്നു കണ്ടെത്തല്‍. വേഗത്തില്‍ പിഴവ് പരിഹരിക്കണമെന്നറിയിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു. മുഴുവന്‍ ത്രാസുകളുടെ എണ്ണവും ഓരോന്നും സീലടിച്ച് പുതുക്കിയ വര്‍ഷവും കൃത്യമായി കാണിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് യാതൊരുവിധ മറുപടിയും നല്‍കിയിട്ടില്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.