നടുക്കും ക്രൂരതകൾ വെളിച്ചത്തെത്തിച്ചു; തലശേരി ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകർക്ക് വിലക്ക്

തലശേരി ജനറല്‍ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ആരോപണം. ആശുപത്രിക്കുള്ളിലെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഏത് സമയവും അക്രമാസക്തമായേക്കാവുന്ന രോഗികളെ ജനറല്‍ വാര്‍ഡില്‍ കെട്ടിയിട്ട് ചികിത്സിക്കുന്ന വാർത്ത പുറത്തു വന്നതോടെയാണ് അധികൃതരുടെ പ്രതികാര നടപടി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം ഭീഷണിയായി, അക്രമാസക്തരാകുന്ന രോഗികളെ ജനറല്‍ വാര്‍ഡില്‍ കെട്ടിയിട്ട് ചികിത്സിക്കുന്ന വാര്‍ത്ത മനോരമ ന്യൂസ് ആണ് പുറത്ത് വിട്ടത്. അതിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകനായ ബാബു പാറാല്‍ പറയുന്നു ലഹരിവിമുക്ത ചികിത്സ വാര്‍ഡ് വേണമെന്ന ആവശ്യമടക്കം നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അധികൃതര്‍ക്കുള്ള പകയും വിലക്കിന് കാരണമായെന്നും ആരോപണമുണ്ട്.

ആശുപത്രിയിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നാരോപിച്ച് സന്നദ്ധ പ്രവര്‍ത്തകരെ നേരത്തെയും വിലക്കിയിരുന്നു. എന്നാല്‍ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ബാബു പാറാലിനെ പോലുള്ളവരുടെ സഹായത്താല്‍ നിരവധി രോഗികളാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.