ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചു

മലപ്പുറം ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പനിബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണം ശക്തമാക്കുകയാണ്. പനിയുള്ളവർക്കും ഉദ്യോഗസ്ഥർ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. 

മലപ്പുറം കുറ്റിപ്പുറത്ത് നേരത്തേ എച്ച്.വണ്‍.എന്‍.വണ്‍ ബാധിച്ച് യുവാവ് മരിച്ചിരുന്നു. പനിബാധിച്ച് മരിച്ച യുവാവിന്റെ പൈങ്കണ്ണൂരിലെ വീട്ടിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.വീട്ടിലെ മറ്റ് അംഗങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്താനായിരുന്നു ഇത്. സമീപത്തെ വീടുകളിലും സ്കൂളുകളിലും മരുന്ന് വിതരണവും നടത്തിയിട്ടുണ്ട്. 

ഇതോടെ ഈ വര്‍ഷം എച്ച്.വണ്‍.എന്‍.വണ്‍ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം മുപ്പതായി. 670 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം ചേലേമ്പ്രയിലെ വീട്ടമ്മയ്ക്ക് എച്ച്.വണ്‍.എന്‍.വണ്‍ സ്ഥിരീകരിച്ചു. ചേലേമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. എച്ച്.വണ്‍.എന്‍.വണ്‍ സ്ഥിരീകരിച്ചതോടെ ചേലേമ്പ്രയിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.