മരം മുറിക്കാന്‍ അനുമതിയില്ല; ദേശീയപാതയുടെ നിര്‍മാണം ഇഴയുന്നു

മരം മുറിക്കാന്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാതായതോടെ   കൊച്ചി–ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണം ഇഴയുന്നു. വഴിയോരത്തെ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയിട്ടും ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ല. വനംവകുപ്പിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.  

ദേശീയപാത വീതി കൂട്ടി നിര്‍മിക്കുന്നതിന്  വശങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ വനംവകുപ്പിന്  കഴിഞ്ഞ വര്‍ഷം  കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  തടസമായി നില്‍ക്കുന്ന 1649 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്  പ്രിന്‍സിപ്പല്‍  ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 2018 നവംബര്‍ മുപ്പതിന് തന്നെ നിര്‍ദേശം നല്‍കി. മരങ്ങള്‍ ഇ ഓപ്ഷന്‍ വഴി വനംവകുപ്പ് തന്നെ അടിയന്തിരമായി വില്‍പന നടത്തെണമെന്ന്ഉത്തരവില്‍ പറയുന്നു.  മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ മാത്രമേ അനുവധിക്കേണ്ടതുള്ളുവെന്നും പി സി എഫിന്റെ ഉത്തരവില്‍ വ്യക്തമാണ്. എന്നാല്‍ ഉത്തരവിറങ്ങി ആറുമാസം പിന്നിട്ടിട്ടും മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നടപടിയില്ല.  

ദേശീയപാത നിര്‍മാണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ  വനം വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.  ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് വീണ്ടും നിര്‍മാണം തുടങ്ങിയത്. മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് വനംവകുപ്പിന്റെ ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദേവികുളത്തും, പൂപ്പാറയിലുമെല്ലാം ഉയരുന്നത്.