കാട്ടാന ശല്യം രൂക്ഷം; കർഷകർ ഭൂമി ഉപേക്ഷിക്കുന്നു

കണ്ണൂർ മണക്കടവ് മാമ്പൊയിൽ മേഖലയിൽ കാട്ടാന ശല്യം മൂലം മലയോര കർഷകർ ഭൂമി ഉപേക്ഷിക്കുന്നു. കർണാടക വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകളാണ് കൃഷി വ്യാപകമായി നശിപ്പിക്കുന്നത്.

രാത്രിയും പകലും ഒരുപോലെയാണ് കാട്ടാനകളെത്തുന്നത്. തെങ്ങിൻ തോട്ടങ്ങളിലും കവുങ്ങിൻ തോട്ടങ്ങളിലും വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആനകൾക്ക് പുറമെ കാട്ടുപന്നിയും കൃഷികൾ നശിപ്പിക്കുന്നു. വന്യമൃഗങ്ങളെ പേടിച്ച് മലയോരത്തുള്ള നിരവധി കർഷകർ ടൗണുകളിലേക്ക് താമസം മാറ്റി. 

ഇനവാസമില്ലാത്ത ഇവരുടെ സ്ഥലങ്ങളിലെല്ലാം വന്യമൃഗങ്ങൾ തമ്പടിക്കുകയും ചെയ്തു. വനാതിർത്തിയിലെ വൈദ്യുതി വേലിയും പ്രവർത്തിക്കുന്നില്ല. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വനംവകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.