ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സീറോ അവര്‍

ഗതാഗതക്കുരുക്കും നിയമലംഘനവും കുറയ്ക്കാന്‍ കോഴിക്കോട് നഗരത്തില്‍ സീറോ അവര്‍ സംവിധാനം നടപ്പാക്കി. സീറോ അവറില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പിഴയൊടുക്കേണ്ട എന്നതാണ് പ്രത്യേകത. എന്നാല്‍  പൊലീസിന്റെ നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കേണ്ടിവരും. പിന്നീട് നിയമലംഘനത്തിന് പിടികൂടിയാല്‍ നല്ല തുക പിഴയൊടുക്കേണ്ടിയും വരും. 

ദിവസത്തിലൊരു മണിക്കൂര്‍ ഇത്തരം പരിശോധനയില്‍പ്പെട്ടേക്കാം. നിയമലംഘനം കണ്ടെത്തിയാല്‍ പണമടച്ച് നീങ്ങാമെന്ന് കരുതിയാല്‍ രക്ഷയില്ല. ഒരു രൂപ പോലും പിഴയായി സ്വീകരിക്കില്ല. പകരം നിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ ബോധവല്‍ക്കരണത്തില്‍ പങ്കെടുക്കണം. ക്ലാസിന്റെ സമയം വാഹനമോടിക്കുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും. പരിശീലനം കഴിഞ്ഞ് വീണ്ടും നിയമലംഘനത്തിന് ശ്രമിച്ചാല്‍ വാഹനം നിരീക്ഷണത്തിലായതിനാല്‍ ഉറപ്പായും പിടിവീഴും. സീറോ അവറിലാണെങ്കിലും ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് പിഴകൊടുക്കാതെ മുന്നോട് നീങ്ങാനാകില്ല. ഓരോദിവസവും പ്രത്യേക സമയത്താകും സീറോ അവറെന്നതിനാല്‍ മുന്‍കൂട്ടി പരിശോധനയുടെ കാര്യം അറിയാനും കഴിയില്ല. 

  നഗരത്തില്‍ അറുപത് കേന്ദ്രങ്ങളിലാണ് ദിവസേന സീറോ അവര്‍ പദ്ധതി നടപ്പാക്കുന്നത്. അംഗബലം കുറവുണ്ടെങ്കിലും പദ്ധതി കൃത്യമായി നടപ്പാക്കുന്നതിനാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശം.