നിയമനാംഗീകാരവും ശമ്പളവുമില്ല; വായമൂടികെട്ടി തെരുവിലിറങ്ങി അധ്യാപകർ

ലോകമനുഷ്യാവകാശദിനത്തില്‍ വായമൂടികെട്ടി തെരുവിലിറങ്ങി ഒരു പറ്റം അധ്യാപകര്‍.  കോഴിക്കോട് മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിനുമുന്നിലാണ് ജില്ലയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രതിഷേധംസംഗമം നടന്നത്. നിയമനാംഗീകാരവും ശമ്പളവുമില്ലാതായതോടെയാണ് പ്രക്ഷോഭപരിപാടിയുമായി അധ്യാപകരെത്തിയത്.

എയ്ഡഡ് സ്കൂളില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് മൂന്നുവര്‍ഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിച്ചില്ലെന്നാണ് പരാതി. തസ്തികപുനര്‍നിര്‍ണയം നടക്കാത്തതിനാലാണ് നിയമനം നീണ്ടുപോയതെന്ന് അധ്യാപകര്‍ പറയുന്നു. നിരവധി തവണ പരാതപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല

2016 17 അധ്യയനവര്‍ഷത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ആ വര്‍ഷം ഡിസംബറില്‍ നിലവില്‍ വന്ന വിദ്യാഭ്യാസ നിയമപ്രകാരമാണ് നിയമനം നിഷേധിച്ചത്. വിരമിക്കല്‍, സ്ഥാനക്കയറ്റം, അധികതസ്തിക എന്നിങ്ങനെ ഒഴിവുവന്ന തസ്തികകളിലുളള പതിനയാരിത്തിലധികം അധ്യാപകരുടെ അപേക്ഷകള്‍ക്കാണ് തീര്‍പ്പുകല്‍പ്പിക്കാത്തത്. നിത്യവൃത്തിക്കുപോലും വകയില്ലാതായതോടെയാണ് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന് പരാതിയും നല്‍കിയിട്ടുണ്ട്.