പ്രളയത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ സ്നേഹാദരം

മഹാപ്രളയത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍ക്ക് സ്കൂള്‍ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സ്നേഹാദരം. മലപ്പുറം ചെറുകോട് കെ.എം.എം. എ.യു.പി സ്കൂളിന്റെ ചുവരുകളിലാണ് പത്രങ്ങള്‍ക്കും മനോരമ ന്യൂസിനും പിന്തുണയുമായി ചിത്രങ്ങള്‍ വരച്ചത്. 

പ്രളയം രൂക്ഷമായ ദിവസങ്ങളില്‍ ദുരിതമനുഭവിക്കുന്നവരുടെ നാവായി മാറിയ മലയാള മനോരമ അടക്കമുളള പത്രങ്ങളാണ് സ്കൂളിന്റെ ചുവരുകളില്‍ നിറഞ്ഞത്. പ്രളയദുരന്തമേഖലകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ നല്‍കിയ മനോരമ ന്യൂസിന്റെ ലോഗോയും സ്കൂളിന്റെ ചുമരിലുണ്ട്. പ്രളയകാലത്തെ കൈത്താങ്ങിന് പെരുത്ത നന്ദി എന്നാണ് മനോരമ ന്യൂസിനൊപ്പം എഴുതിച്ചേര്‍ത്തത്. 

പ്രളയദിനങ്ങളിലെ ചര്‍ച്ചകളില്‍ രാഷ്ട്രീയം കലരാതെ ജനങ്ങള്‍ക്കൊപ്പം താങ്ങായി നിന്ന ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നായിരുന്നു വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രഖ്യാപനം.

പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ പത്തു കലാകാരന്‍മാര്‍ ചേര്‍ന്ന് രണ്ട് ദിവസംകൊണ്ട് എട്ടു ചുമരുകളിലാണ് ചിത്രങ്ങള്‍ നിറച്ചത്.