പഠനോപകരണങ്ങളും ചക്കയും മാങ്ങയും; മജീദ് മാഷിന്റെ വിഭവവണ്ടിക്ക് കയ്യടി

വിദ്യാര്‍ഥികള്‍ക്ക് സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി പഠനോപകരണങ്ങള്‍ വാങ്ങി നല്‍കി പൊതുവിദ്യാലയത്തെ ശക്തിപ്പെടുത്തുകയാണ് കോഴിക്കോട് കക്കോടി ഒറ്റതെങ്ങ് യു.പി സ്കൂളിലെ  അധ്യാപകനായ  മജീദ് പുളിക്കല്‍ .ഇതിനായി വീട്ടില്‍ നിന്നും സ്കൂളിലേക്ക് വിഭവവണ്ടി തന്നെ ഇദ്ദേഹം ഒരുക്കി.

കുട്ടികള്‍ക്ക് ആവശ്യമായ നോട്ടുപുസ്കങ്ങളും ബാഗുകളും പെനും പെന്‍സിലുമായി വിഭവ വണ്ടി  കടന്നുവരികയാണ്. ആരാലും  ശ്രദ്ധിക്കാതിരുന്ന ഒരു വിദ്യാലയത്തിന് മാറ്റത്തിന്റെ ഛായ നല്‍കിയാണ് വണ്ടി സ്കൂള്‍ മുറ്റത്തേക്ക്  കടന്നത്. കേവലം നൂറുകുട്ടികള്‍ മാത്രമുള്ള കക്കോടി ഒറ്റതെങ്ങ് സര്‍ക്കാര്‍ യു.പി സ്കൂള്‍ മികവിന്റെ കേന്ദ്രമാക്കാന്‍ ഒരധ്യാപകന്റെ പ്രയ്ത്നമാണ്  വണ്ടി നിറയെ.സ്വന്തം കയ്യില്‍ നിന്നും പണം  മുടക്കി വാങ്ങിയതാണ് എല്ലാം.

പഠനോപകരണങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്ക് കഴിക്കാനായി ചക്കയും മാങ്ങയും അടുക്കളയിലേക്ക് തേങ്ങയും വണ്ടിയിലുണ്ട്. കൂടാതെ സ്കൂള്‍ മുറ്റത്ത് വച്ചുപിടിപ്പിക്കാനുള്ള 40 ല്‍ അധികം ഫലവൃക്ഷങ്ങളുടെ തൈകളും . വിഭവവണ്ടിയെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നു സ്വീകരിച്ചു. ഇന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിഭവങ്ങളുടെ വിതരണത്തോടെയാണ് സ്കൂളിലെ പ്രവേശനോല്‍സവം.