മികച്ച അധ്യാപികയുടെ പുരസ്കാരം നേടി; ഈ വർഷം തൂപ്പുകാരി; വിഷമം പറഞ്ഞ് ഉഷ ടീച്ചർ

പതിറ്റാണ്ടുകളോളം അധ്യാപകരായിരുന്നവര്‍ ഈ അധ്യയന വര്‍ഷത്തില്‍ തൂപ്പുകാരായി മാറി. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയതോടെയാണ് അവിടത്തെ 344 അധ്യാപകരെ മറ്റ് സ്കൂളുകളില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് മാറ്റി നിയമിച്ചത്. മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരങ്ങള്‍ നേടിയ തിരുവനന്തപുരം അമ്പൂരിയിലെ ഉഷാകുമാരി ടീച്ചര്‍ക്ക് ഉള്‍പ്പെടെയാണ് ഈ അവസ്ഥ. 

മലയും പുഴയും താണ്ടി, കിലോമീറ്ററുകളോളം നടന്ന് കാട്ടിനുള്ളിലെത്തിയിരുന്ന ഉഷാകുമാരി ടീച്ചറായിരുന്നു അമ്പൂരി കുന്നത്തുമല ഗ്രാമത്തിന്റെ അക്ഷരവെളിച്ചം. 24 വര്‍ഷം ആ നാടിന്റെ അധ്യാപികയായിരുന്ന  ടീച്ചറും ടീച്ചറിന്റെ കുഞ്ഞു സ്കൂളും ഇന്നലെ മുതല്‍ അവിടെയില്ല. ടീച്ചറിപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കട PNMS ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തൂപ്പുകാരിയാണ്.

സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ അവിടത്തെ ജീവനക്കാരെയെല്ലാം വിദ്യാഭ്യാസവകുപ്പ് പുനര്‍നിയമിച്ചത് വിവിധ സ്കൂളുകളിലെ സ്വീപ്പര്‍ തസ്തികയിലാണ്. ഉഷാകുമാരി ടീച്ചറെ പോലെ രണ്ട് പതിറ്റാണ്ടിലേറെ അധ്യാപകരായവരാണ് എല്ലാവരും. പക്ഷെ അവരുടെ സര്‍വീസ് കാലാവധി പരിഗണിച്ചില്ല. അതിനാല്‍ മിനിമം പെന്‍ഷന്‍പോലും ലഭിക്കില്ലെന്ന വിഷമമാണ് അലട്ടുന്നത്.

താല്‍കാലിക ജീവനക്കാരായിരുന്ന ഇവരെ പിരിച്ചുവിടാതെ സ്ഥിരപ്പെടുത്തുകയാണ് പുനര്‍നിയമനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഭൂരിഭാഗം പേര്‍ക്കും പത്താം ക്ളാസ് മാത്രമാണ് വിദ്യാഭ്യാസയോഗ്യതയെന്നതും മെച്ചപ്പെട്ട ജോലിക്ക് തടസമായി. എല്ലാവരുടെയും സമ്മതം വാങ്ങിയാണ് സ്വീപ്പറാക്കിയതെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.