റോഡില്ല, തടയണയുടെ സംരക്ഷണ ഭിത്തിയിലൂടെ നാട്ടുകാരുടെ അപകടയാത്ര

പാലക്കാട് തൃത്താല വെളളിയാങ്കല്ല് തടയണയുടെ സംരക്ഷണ ഭിത്തിയിലൂടെ നാട്ടുകാരുടെ അപകടയാത്ര. തടയണ നിറഞ്ഞു കവിഞ്ഞ് കോളനിയിലേക്കുളള റോഡ് വെള്ളത്തിനടിയിലായതോടെയാണ് ഇൗ ദുരവസ്ഥ. നല്ലൊരു റോഡ് വേണമെന്ന വര്‍ഷങ്ങളായുളള കോളനിക്കാരുടെ ആവശ്യം ഇതുവരെ നടപ്പായില്ല, 

ഇനിയൊരു ദുരന്തമുണ്ടായാലേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഒന്നര അടി മാത്രം വീതിയുള്ള വെളളിയാങ്കല്ല് തടയണയുടെ സംരക്ഷണ ഭിത്തിയിലൂടെയാണ് തൃത്താലയിലെ ചാഞ്ചേരിപ്പറമ്പ് കോളനിയിലെ അന്‍പതു വീട്ടുകാരുടെ യാത്ര. കാലൊന്നു തെന്നിയാല്‍ പത്തടി താഴ്ചയുളള വെളളത്തിലേക്ക് വീഴും. എന്തിനാണീ സാഹസീകയാത്രയെന്ന് ചോദിച്ചാല്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് കോളനിക്കാര്‍ പറയുന്നു. തടയണയില്‍ വെളളം നിറഞ്ഞതോടെ കോളനിയിലേക്കുളള റോഡില്‍ വെളളം കയറിയതാണ് പ്രശ്നം. റോഡിലൂടെ വാഹനത്തിലോ , നടന്നുപോകാനോ സാധിക്കുന്നില്ല. 

2010 ല്‍ വെള്ളിയാങ്കല്ല് - ചാഞ്ചേരിപ്പറമ്പ്തീരദേശ റോഡ് നിര്‍മിക്കുന്നതിന് നാട്ടുകാര്‍ വികസന സമിതി രൂപീകരിച്ചതാണ്. പഞ്ചായത്ത് മുതല്‍ കലക്ടര്‍, മന്ത്രി , മനുഷ്യാവകാശ കമ്മിഷന്‍ വരെ നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കി. ഇപ്പം ശരിയാകുമെന്ന് എല്ലാരും പറഞ്ഞെങ്കിലും ഇന്നേവരെ ഒന്നും നടന്നില്ല. അതിനാല്‍ വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ ശ്രദ്ധയിലേക്ക് ഇൗ വിഷയം മനോരമ ന്യൂസും എത്തിക്കുന്നു.