ചിത്താരിപ്പുഴയിലെ നടപ്പാലം തകര്‍ച്ചയുടെ വക്കില്‍.

കാസര്‍കോട് ചിത്താരിപ്പുഴയിലെ നടപ്പാലം തകര്‍ച്ചയുടെ വക്കില്‍. പാലം അപകടക്കെണിയായി മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍‌ ഒരുനടപടിയുമില്ല. 

2005ല്‍ സുനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ചിത്താരി പുഴയ്ക്ക് കുറുകെ നടപ്പാലം നിര്‍മ്മിച്ചത്. 65 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. അജാനൂര്‍ പഞ്ചായത്തിലെ ചിത്താരിക്കടപ്പുറം.പൊയ്യക്കര പ്രദേശങ്ങളെയാണ് പാലം ബന്ധിപ്പിക്കുന്നത്. തൂണുകള്‍ പുഴയിലേക്കു താഴ്ന്നതോടെ പാലം അപകടവസ്ഥയി. കടപ്പുറം ഭാഗത്ത് ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് പാലം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാലത്തിനാണ് ഈ ദുര്‍ഗതി. പാലം അപകടാവസ്ഥയിലായതോടെ പുറം ലോകത്തെത്താന്‍ ചിത്താരി കടപ്പുറം നിവാസികള്‍ നന്നേ പാടുപെടുകയാണ്. 

നിര്‍മാണത്തിലെ അപാകതയാണ് പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ പാലത്തെ അപകടക്കെണിയാക്കി മാറ്റിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ചിത്താരിപ്പുഴയ്ക്ക് കുറുകെ മറ്റൊരു പാലം നിര്‍മ്മിച്ച് യാത്രാദുരിതം പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.