കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചതിൽ പരാതിയുമായി കുടുംബം. ഗർഭാശയ രോഗത്തിന് മരുന്ന് നൽകിയതിനെ തുടർന്ന് വീട്ടമ്മ അവശനിലയിലായി മരിച്ചെന്നാണ് പരാതി. പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ 49 വയസുള്ള ശാലിനി അംബുജാക്ഷൻ അണ് മരിച്ചത്. തിങ്കൾ രാവിലെ ആറിന് ഗൈനക്കോളജി വിഭാഗത്തിൽ ഡി ആൻഡ് സി പരിശോധനയ്ക്ക് എത്തിയതാണ്. ഗർഭാശയ പരിശോധനയുടെ ഭാഗമായി ഗുളിക നൽകി. ഗുളിക പൊട്ടിയപ്പോൾ രണ്ടാമതും നൽകി. ഇതിനുശേഷം ശാരീരിക അസ്വാസ്ഥത ഉണ്ടായി അബോധാവസ്ഥയിലായി. ആരോഗ്യനില മോശമായപ്പോൾ ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെട്ടപ്പോഴാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയേ വ്യക്തത വരികയുള്ളൂ. ചികിത്സയിൽ പിഴവുണ്ടായോ എന്ന് ആശുപത്രിയിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.