പത്തനംതിട്ട കൂടലിൽ വീട്ടിൽ സിസിടിവി വെച്ചതിന്‍റെ പേരിൽ അയൽക്കാർ ആക്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു കുടുംബം. ഭർത്താവിനെ മർദ്ദിച്ചവരെ പിടികൂടുന്നില്ല എന്ന് ആരോപിച്ച് പരാതിക്കാരി മഞ്ജുവും കുട്ടികളും ഒരു രാത്രി മുഴുവൻ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വകാര്യത ലംഘിക്കുന്ന വിധം ആണ് ക്യാമറ സ്ഥാപിച്ചത് എന്നാണ് അയൽക്കാരുടെ ആരോപണം
പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡിലാണ് സംഭവം. ആംബുലൻസ് ഡ്രൈവറായ വിഷ്ണുവും ഭാര്യ മഞ്ജുവും ആണ് വീട്ടിൽ സിസിടിവി വെച്ചത്. സിസിടിവി വെച്ചതിന് പിന്നാലെ എതിർപ്പുമായി അയൽക്കാർ രംഗത്തുവന്നു. രാത്രി വീട്ടിലെത്തി അസഭ്യം വിളിക്കുകയും വാതിലിൽ അടിക്കുകയും കാമറ തകർക്കുകയും ചെയ്തു എന്നാണ് പരാതി . സ്ത്രീകൾ അടക്കമുള്ള സംഘമാണ് ഇത്തരത്തിൽ ആക്രമണം നടത്തിയതെന്ന് കാട്ടി മഞ്ജു പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് തർക്കം രൂക്ഷമായത്. പോലീസ് ഇടപെട്ട് സംസാരിച്ച് ഒരു ക്യാമറ മാറ്റണമെന്ന് നിർദ്ദേശം നൽകിയതാണ്. തുടർന്ന് വീണ്ടും ഭർത്താവ് വിഷ്ണുവിനെ നാട്ടുകാർ ആക്രമിച്ചു എന്നാണ് മഞ്ജുവിന്റെ ആരോപണം. ഒരു രാത്രി മുഴുവൻ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു.
അയൽക്കാരുടെ സ്വകാര്യത ലംഘിക്കുന്ന വിധത്തിലാണ് സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നാണ് അയൽക്കാരുടെയും പഞ്ചായത്ത് അംഗത്തിന്‍റെയും ആരോപണം.നിലവിൽ സമീപത്തെ വീട്ടിലെ സ്ത്രീയെ ആക്രമിച്ചു എന്ന പേരിലും വിഷ്ണുവിനെതിരെ പരാതിയുണ്ട്. പരാതി വ്യാജമാണെന്നാണ് വിഷ്ണു പറയുന്നത്. മർദ്ദനമേറ്റ വിഷ്ണു ഇപ്പോൾ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്‍റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ക്യാമറ വെച്ചതെന്നാണ് മഞ്ജു പറയുന്നത്.