nithish-sudha-irshad

ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ അന്തരിച്ചതോടെ കരളലിയിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ ഇര്‍ഷാദ് അലി.  'മലയാളി മെമ്മോറിയല്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷ് സുധയുടെ അപ്രതീക്ഷിത വിയോഗം. പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിതീഷിനെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പെട്ടെന്നാണ് മരണം സംഭവിച്ചത്.  അവൻ പോയി, എനിക്കവൻ ആരായിരുന്നു?, അവന് ഞാൻ ആരായിരുന്നു?, ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇനി ഇവിടെ പ്രസക്തി ഇല്ലെന്ന് നടന്‍ ഇര്‍ഷാദ് അലി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന, ധാരാളം എഴുതുന്ന, ധാരാളം വായിക്കുന്ന, നേട്ടങ്ങൾക്ക് വേണ്ടി തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാതിരുന്ന ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നിൽ അങ്ങ് ഇല്ലാതായി പോയത്. സിനിമകളിൽ സജീവമായതിന് ശേഷം ഞാൻ ഷോർട്ട് ഫിലിമുകൾ ഒന്നും ചെയ്തിരുന്നില്ല. 

ഒരു ദിവസം കോട്ടക്കലിൽ നിന്ന് അവന്റെ വിളി വരുന്നു... "ഇക്കാ... എന്റെ പേര് നിതീഷ്. എനിക്കൊരു ഷോർട് ഫിലിം ചെയ്യണം... ഇക്കയാണ് അതിൽ അഭിനയിക്കുന്നത്...." . സ്വന്തം സ്ക്രിപ്റ്റിൽ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ആ പ്രൊജക്റ്റിൽ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!.  അവൻ സ്ക്രിപ്റ്റ് അയച്ചു.

വായിച്ചപ്പോൾ ഇത് ചെയ്യാൻ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകൾ ഉണ്ടെന്ന് മനസ്സിൽ തോന്നിയെങ്കിലും അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു. അത്രമേൽ ആ തിരക്കഥ എന്നെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് 'പൊടിവാശി' എന്ന  ഷോർട്ട് ഫിലിം ഉണ്ടാകുന്നത്. 

നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ. അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേർത്തു നിർത്തി അവൻ ആ ഷോർട്ട് ഫിലിം പൂർത്തിയാക്കി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല.

ആ വർക്കിൽ നിന്നാണ് ഞങ്ങളുടെ  സൗഹൃദം ആരംഭിക്കുന്നത്. പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് 'മലയാളി മെമ്മോറിയലി'ന്റെ കഥ പറയുന്നത്. സോനുവും അസ്‌ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്നത്തിലേക്കു വേഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു. സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്... 

പക്ഷേ, അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ ഒന്നും അവനു സാധിച്ചില്ല. അതിനു മുൻപേ അവൻ മടങ്ങി. തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, എന്നെ നോവിക്കുന്നത്, അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്. 

അവൻ ചെയ്തു വെച്ച സിനിമകൾ എങ്കിലും ലോകം കാണണം. അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂ!. 32 വർഷത്തെ ജീവിതത്തിനിടയിൽ അവനുള്ളിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്നമാണ് അവന്റെ സിനിമ. ആ തിരികെടാതെ കാക്കണം. - ഇര്‍ഷാദ് അലി കുറിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports on the untimely demise of young director Nithish Sudha, who was on the verge of his directorial debut with 'Malayali Memorial'. Actor Irshad Ali expressed his grief through a heartfelt Facebook post, reminiscing about their collaboration on the short film 'Podivashee' and Nithish's passion for filmmaking.