ഗസ്റ്റ് ഹൗസ് പൊളിച്ച് വാടകക്കാരൻ; ആദ്യം മൗനം, പിന്നെ മേയറെത്തി തടഞ്ഞു

തൃശൂര്‍ കോര്‍പറേഷന്റെ ഗസ്റ്റ് ഹൗസ് മന്ദിരം വാടകക്കാരന്‍ പൊളിച്ചു. ജനലും വാതിലും ശുചിമുറിയും പൊളിച്ചു നീക്കി. വാടകക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. വാടകക്കാരനും കോര്‍പറേഷന്‍ ഭരണക്കാരും തമ്മിലുള്ള അഴിമതി കൂട്ടുക്കെട്ടാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. 

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാലു പതിറ്റാണ്ട് പഴക്കമുള്ള കോര്‍പറേഷന്‍ ഗസ്റ്റ് ഹൗസ് ആണ് ബിനി ഹോട്ടല്‍. തൃശൂരിലെ പ്രമുഖ അപ്കാരിയായ വി.കെ.അശോകനായിരുന്നു ഇത് ഏറ്റെടുത്ത് നടത്തിയിരുന്നത്. വാടക കൂട്ടി പുതിയ ആള്‍ക്കു നല്‍കാന്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചു. തൃശൂരിലെ ഇവന്‍റ് മാനേജ്മെന്റ് കമ്പനിയായ ഓസ്കറിന്റെ ഉടമ ജിനേഷായിരുന്നു വാടകക്കാരന്‍. പ്രതിമാസം ഏഴരലക്ഷം രൂപ വാടകയും ഒരു കോടി രൂപ അഡ്വാന്‍സുമാണ് 

നിശ്ചയിച്ചത്. പക്ഷേ, ഈ തുക ഗഡുക്കളായി നല്‍കാന്‍ കോര്‍പറേഷന്‍ തന്നെ ഒത്താശ ചെയ്തു. ഒരു കോടി രൂപ ബാങ്ക് ഗ്യാരന്‍ഡി വേണമെന്ന നിബന്ധനയും അട്ടിമറിക്കപ്പെട്ടു. 29 ലക്ഷം രൂപയുടെ ആദ്യ ഗഡു അടച്ചതിനു പിന്നാലെ പൊളിക്കല്‍ തുടങ്ങി. തടയേണ്ട കോര്‍പറേഷന്‍ നേതൃത്വം മൗനം പാലിക്കുകയാണ്. അവസാനം, മേയര്‍ എം.കെ.വര്‍ഗീസ് നേരിട്ടെത്തിയാണ് പൊളിക്കല്‍ തടഞ്ഞത്.

സി.പി.എം നേതാക്കളുടെ ഒത്താശയാണ് വാടകക്കാരന്റെ ധൈര്യമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. കോര്‍പറേഷന്‍ മേയറെ തടഞ്ഞുവച്ച് ഇരുകൂട്ടരും പ്രതിഷേധിച്ചു. കോര്‍പറേഷന്റെ അനുമതിയില്ലാതെ കെട്ടിടം പൊളിച്ചിട്ടും ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസും ബി.ജെ.പിയും നിയമനടപടിയ്ക്കു നീക്കം തുടങ്ങി.

The tenant demolished the guest house