ജനവാസമേഖലയില്‍ തമ്പടിച്ച് കാട്ടാന; സ്കൂട്ടർ യാത്രികനെ ആക്രമിച്ചു

ഇടുക്കി ഉപ്പുതറ കണ്ണംപടിയില്‍ കാട്ടനശല്യം വീണ്ടും രൂക്ഷം. ജനവാസമേഖലയില്‍ കാട്ടാന തമ്പടിച്ചിട്ടും തുരത്താന്‍ നടപടിയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പൂജാരിയായ യുവാവിനെ കാട്ടാന ആക്രമിച്ചു. 

പാലൂക്കാവ് ക്ഷേത്രം പൂജാരി ഇടുപത്തിയൊന്‍പതുകാരനായ മനു തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്ക് പോകവെ കാട്ടാന മനുവിനെ ആക്രമിച്ചു. കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. 

മഴയായതോടെ പ്രദേശത്ത് കാട്ടാന തമ്പടിക്കുന്നത് പതിവായി. കാട്ടാനയെ തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയും തകര്‍ന്ന നിലയിലാണ്. കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി തുടങ്ങിയതോടെ കണ്ണംപടിയിലെ കര്‍ഷകരും ആശങ്കയിലാണ്.