വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച; അന്വേഷണ കമ്മിഷനെ വച്ച് സിപിഐ

ഇടുക്കി പീരുമേട് എംഎല്‍എ വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരുവിഭാഗം നേതാക്കള്‍ വീഴ്ച വരുത്തിയെന്ന് സിപിഐ വിലയിരുത്തൽ. ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിഷനെ  പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് നിയോഗിച്ചു.

വാഴൂര്‍ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായിരുന്ന പാർട്ടി കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ് അവതരിപ്പിച്ച 10 പേജ് വരുന്ന റിപ്പോർട്ടിൽ മണ്ഡലത്തിലെ പ്രധാന നേതാക്കൾക്കെതിരെ കടുത്ത പരാമർശങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോളുടെ നിലപാട് പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിച്ചു. സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബൂത്തു തലത്തിൽ നടന്ന ശക്തമായ പ്രചാരണവും എൽഡിഎഫ് സർക്കാരിന് അനുകൂലമായ തരംഗവുമാണ് മണ്ഡലം നിലനിർത്തുന്നതിനു ഇടയാക്കിയത്. 

തോട്ടം മേഖലയിലെ വാഴൂർ സോമന്റെ സ്വാധീനവും തമിഴ് തോട്ടം തൊഴിലാളികളുടെ ഇടയിലെ സ്വീകാര്യതയും വിജയത്തിനു സഹായകരമായതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ബിജിമോൾ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ചു നൽകിയ കാര്യം റിപ്പോർട്ട് എടുത്തുപറയുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിൻസ് മാത്യു, ടി.എം. മുരുകൻ, ജില്ലാ കൗൺസിൽ അംഗം ടി.വി.അഭിലാഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. മൂന്നംഗ കമ്മിഷന്‍ വേട്ടുകണക്കുകളടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.