വെള്ളക്കെട്ട് തുടരുന്നു; അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വാഴകൃഷിക്ക് വ്യാപക നാശനഷ്ടം

കനത്തമഴയെതുടര്‍ന്നുള്ള വെള്ളക്കെട്ട് തുടരുന്നതിനാല്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വാഴകൃഷിക്ക് വ്യാപക നാശനഷ്ടം. തിരുവല്ല താലൂക്കിന്‍റെ ഭാഗമായ  കടപ്ര, നെടുമ്പ്രം, പെരങ്ങര, നിരണം പഞ്ചായത്തുകളിലാണ് വാഴകള്‍ നശിച്ചത്. കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടത്തിന് സ്ഥലമെടുത്തും ബാങ്കില്‍ നിന്ന് വായ്പയെടുത്തുമാണ് കൃഷി ചെയ്തിരുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

രണ്ടാഴ്ചയായി പെയ്ത കനത്ത മഴയാണ് തിരുവല്ല താലൂക്കിന്‍റെ പടിഞ്ഞാറന്‍മേഖലയില്‍ ആയിരക്കണക്കിന് വാഴകള്‍ നശിക്കാന്‍ കാരണമായത്. അപ്പര്‍ കുട്ടനാടന്‍മേഖലയിലുള്‍പ്പെട്ട കടപ്ര, നെടുമ്പ്രം, പെരങ്ങര, നിരണം  പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ വാഴകൃഷിയുള്ളത്. ക‌ടപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഷിബു വര്‍ഗീസിന്‍റെ നാലായിരത്തോളം വാഴയാണ് വെള്ളക്കെട്ടുമൂലം നശിച്ചത്. പരുമല പനയന്നാര്‍ കാവിനുസമീപം പത്തേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. ഒരാഴ്ചയിലധികമായി വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍  ചുവട് അഴുകി വാഴകള്‍ നശിക്കുകയാണുണ്ടായത്. 

ഏത്തവാഴയാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ കൃഷി ചെയ്തിരുന്നത്. കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടത്തിന് സ്ഥലമെടുത്തും ബാങ്കില്‍ നിന്ന് വായ്പയെടുത്തുമാണ് കൃഷി ചെയ്തിരുന്നത്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളുടെ ചുവടുകള്‍ അഴുകിയതിനാല്‍ ഇലകളെല്ലാം ഉണങ്ങി. അപ്പര്‍ കുട്ടനാട്ടില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കൈത്തോടുകള്‍ അടഞ്ഞതും തണ്ണീര്‍തടങ്ങള്‍ നികത്തിയതും വെള്ളക്കെട്ട് തുടരുന്നതിന് കാരണമാണ് .