വണ്ടിപ്പെരിയാറിൽ ഭീതി പരത്തിയ പുലി കുടുങ്ങി; ആശങ്കയൊഴിഞ്ഞ് നാട്ടുകാർ

ഇടുക്കി വണ്ടിപ്പെരിയാറിലെ ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വളര്‍ത്തുമൃ​ഗങ്ങളെ കൊന്നുതിന്നിരുന്ന പുലി കുടുങ്ങിയതോടെ നാട്ടുകാരുടെയും ആശങ്കയൊഴിഞ്ഞു. 

മൂന്നുമാസമായി നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു ഈ പുലി. ആറുവയസ്സ് പ്രായമുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നത് പതിവായതോടെയാണ് നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസം നെല്ലിമല ഭാഗത്ത് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജനവാസ മേഖലയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സ്ഥലത്ത് സ്ഥാപിച്ച കാമറയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് വനം വകുപ്പ് കെണി സ്ഥാപിച്ച് പുലിയെ കുടുക്കിയത്. പുലിയെ പ്രാഥമിക ആരോഗ്യ പരിശോധയ്ക്കുശേഷം ഗവിയിലെ വനത്തിൽ തുറന്നുവിടും.