പ്ലാവിലെ ചക്കയിൽ ചുറ്റി വരിഞ്ഞ് കൂറ്റൻ രാജവെമ്പാല; പിടികൂടി കാട്ടിൽ വിട്ട് വനപാലകർ

ഇടുക്കി മേത്തൊട്ടിയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ വമ്പന്‍ രാജവെമ്പാലയെ വനപാലകര്‍ പിടികൂടി വനത്തില്‍ തുറന്നുവിട്ടു. പതിനേഴ് വയസുള്ള രാജവെമ്പാലയക്ക് പതിനാല് അടി നീളവും ഇരുപതോളം കിലോ ഭാരവുമുണ്ടായിരുന്നു. 

മേത്തൊട്ടി മൂക്കംതോട്ടത്തിൽ സുരേഷ് ജോസഫിന്റെ പുരയിടത്തില്‍ കണ്ടെത്തിയ ഈ വമ്പന്‍ രാജവെമ്പാലയാണ് പരിസരത്തുള്ളവരെയാകെ ആശങ്കയിലാക്കിയത്. സുരേഷിന്റെ ഭാര്യ പുല്ലുവെട്ടാൻ പുരയിടത്തിലേക്ക് ഇറങ്ങിയപ്പോഴാണ് പ്ലാവിൽ കയറിയ നിലയില്‍ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് ആളുകള്‍ കൂട്ടത്തോടെ എത്തിയെങ്കിലും പാമ്പ് മരത്തില്‍ നിന്നിറങ്ങിയില്ല. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. എന്നാല്‍ മരത്തില്‍ നിന്ന് പിടികൂടാന്‍ അവരും പാടുപെട്ടു. പിന്നീട് പാമ്പിനെ പിടിക്കാൻ ലൈസൻസുള്ള കോതമംഗലം സ്വദേശി ഷൈനെ എത്തിച്ചാണ് പിടികൂടിയത്. 

ഏകദേശം പതിനേഴ് വയസുണ്ടാകും ഈ  പെണ്‍ രാജവെമ്പാലയക്ക്. പതിനാല് അടി നീളവും ഇരുപതോളം കിലോ ഭാരവുമുണ്ട്. ഒടുവില്‍ ഇടുക്കി കുളമാവ് വനത്തിലെത്തിച്ച് തുറന്നുവിടുകയാണ് ചെയ്തത്.