ബജറ്റിൽ അനുവദിച്ചത് 100 രൂപ; തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയോട് അവഗണന; പ്രതിഷേധം

എട്ട് വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ തൊടുപുഴ കെഎസ്ആർടിസി പുതിയ ഡിപ്പോയുടെ  മന്ദിരം തുറക്കാന്‍ യാതൊരു നടപടിയുമില്ല. ബജറ്റില്‍ ടോക്കണ്‍ പദ്ധതിയായി നൂറു രൂപ മാത്രമാണ് ഡിപ്പോ നിര്‍മാണത്തിന് അനുവധിച്ചത്. കോടികൾ മുടക്കിയ കെഎസ്ആര്‍ടിസി ഡിപ്പോ വെറുതെ കിടന്ന് നശിക്കുകയാണ്.  

തൊടുപുഴ കെ.എസ്.ആർ.ടി.സി  ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിംഗിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2012 ഒക്ടോബറിലാണ്  ആരംഭിച്ചത്.  ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ  കിറ്റ്‌കോ മുഖേന സർക്കാരിന്റെ സ്‌പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപയും, ബാക്കി വരുന്ന തുക കെ.എസ്.ആർ.ടി.സി ഫണ്ടും ഉപയോഗിച്ച് ആകെ 15 കോടി 9 ലക്ഷം രൂപയാണ് ഈ പുതിയ ഡിപ്പോക്ക് ഇതുവരെ മുടക്കിയത്.  അവസാനഘട്ട  നിര്‍മാണത്തിന് വേണ്ടി  മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്.

തൊടുപുഴയിലെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന ഈ ഡിപ്പോ മന്ദിരത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബോർഡ് മെമ്പർ ഉള്‍പ്പെടെ ഇടപെട്ട് വൈകിപ്പിക്കുന്നെന്നാണ് ആരോപണം. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ യാത്രാ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരിന്റെ എറ്റവുമൊടുവിലത്തെ സമ്മാനമാണ്  ഈ ബജറ്റില്‍ നൂറു രൂപമാത്രം  വകയിരുത്തിയ കടലാസിലൊതുങ്ങുന്ന ഡിപ്പോ വികസനം.