സംരക്ഷണഭിത്തി ഇടിഞ്ഞു; വാഗമൺ റോഡ് അപകടാവസ്ഥയിൽ

സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഈരാറ്റുപേട്ട വാഗമണ്‍ റോഡ് അപകടാവസ്ഥയിലായി. തീക്കോയിയ്ക്ക് സമീപം കല്ലത്താണ് കുത്തൊഴുക്കില്‍ കരിങ്കല്‍ കെട്ട് നിലംപൊത്തിയത്. വാഗമണ്‍ പാതയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും 

നിര്‍ദേശം.

ഈരാറ്റുപേട്ട പീരുമേട് സംസ്ഥാന പാതയുടെ ഭാഗമായ തീക്കോയി വാഗമണ്‍ റൂട്ടിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് കല്ലം തോട്ടിലൂടെയുണ്ടായ കുത്തൊഴുക്കിലാണ് കലുങ്കിനോട് ചേര്‍ന്നുള്ള കരിങ്കല്‍കെട്ട് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ കല്‍ക്കെട്ടിന്‍റെ കുറേഭാഗം 

നിലംപൊത്തിയിരുന്നു. കല്‍ക്കെട്ട് ഇടിഞ്ഞതോടെ കലുങ്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരവും അപകടാവസ്ഥയിലാണ്. യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി നാട്ടുകാര്‍ തന്നെ രംഗതെത്തി. 

വാഗമണ്‍ പാതയില്‍ എവറസ്റ്റ് വളവില്‍ കഴിഞ്ഞ ദിവസം വലിയതോതില്‍ മണ്ണിടിച്ചിലുമുണ്ടായി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മണ്ണും കല്ലും റോഡിലേക്ക് വീണു. ഇടിഞ്ഞ് കിടക്കുന്ന മണ്ണിനൊപ്പമുള്ള ഉരുളന്‍ കല്ലുകള്‍ എത് നിമിഷവും റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ്. തീക്കോയി വാഗമണ്‍ 

റൂട്ടില്‍ പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ദുരവസ്ഥ കൂടിയായതോടെ ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി.