കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഷോ; വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിവാദ ക്വാറി ഉടമ റോയ് കുര്യൻ ഇന്നലെ  റോഡ് ഷോയ്ക്ക് നിരത്തിലിറക്കിയ വാഹനങ്ങൾ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഏഴ് വാഹനങ്ങളാണ് പിടിച്ചെടുത്തത്. റോയ് കുര്യനും  ഡ്രൈവർമാർക്കുമെതിരെ  മോട്ടോർ വാഹന വകുപ്പും  കേസെടുത്തു.

കോതമംഗലം ടൗണിലൂടെ വ്യവസായി  റോയി കുര്യന്  ഇന്നലെ പ്രകടനം നടത്താൻ ഉപയോഗിച്ച  ആഡംബര  കാറും, ആറ് ടോറസ് ലോറികളുമാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും, ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് വാഹന ഉടമ റോയി കുര്യനെതിരെയും ഏഴ് ഡ്രൈവർമാർക്കെതിരെയും കേസെടുത്തത്. വാഹനങ്ങൾ കോതമംഗലം കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. 

 ഗതാഗതം തടസപ്പെടുത്തിയതിനുംഅപകടകരമായി  വാഹനം ഓടിച്ചതിനും കേസെടുത്തു. ആഡംബര കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്  മോട്ടോർ  വാഹന നിയമം പ്രകാരം  കേസെടുക്കാൻ നോട്ടീസ് നൽകിയതായി മോട്ടോർ  വാഹന ഗതാഗത വകുപ്പ്  അറിയിച്ചു. ഇടുക്കി ഉടുമ്പൻചോലയിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച റോയി കുര്യൻനെതിരെ  തുടർച്ചായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കർശന നടപടിക്കും സാധ്യതയുണ്ട്.