റെക്കോഡ് വിലയുമായി കാട്ടുപത്രി; കിലോയ്ക്ക് എണ്ണൂറു രൂപ

പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിലും, ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലും കൂടുതലായുള്ള  കാട്ടുപത്രിക്ക് റെക്കോഡ് വില. പെയിന്റ് നിർമാണത്തിലെ പ്രധാന ചേരുവയായ കാട്ടുപത്രിക്ക് കിലോയ്ക്ക്  700 മുതൽ 800 രൂപ വരെയാണ് ഇപ്പോൾ വിപണിവില. 

എപ്രിൽ‐ മെയ് മാസങ്ങളിലാണ് കാട്ടുപത്രിപൂവിന്റെ സീസൺ. പൂവ് ശേഖരണംതന്നെ സാഹസികമാണ്. പ്രധാനമായും ആദിവാസി വിഭാഗങ്ങളിൽപെട്ടവരാണ്  വനവിഭവമായ കാട്ടുപത്രിപ്പൂവ‌് ശേഖരിക്കുന്നത‌്.  സീസണിൽ വനത്തിൽ കയറിയാണ‌് ഇവ ശേഖരിക്കുന്നത‌്. കാടുപത്രിപ്പൂവിന് ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്.  മുൻവർഷങ്ങളെക്കാൾ   വളരെ കുറഞ്ഞ അളവിലാണ് ഇത് വിപണിയിലെത്തുന്നത്.

ആഴ‌്ചയിൽ രണ്ട‌് ടണ്ണോളം കാട്ടുപത്രിയാണ‌് നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയിടങ്ങളിൽ നിന്ന‌ും കയറ്റി അയക്കുന്നത‌്.   കാട്ടുപത്രിയുടെ പൂവുപോലെ തന്നെ ഇതിന്റെ കായും ഉപയോഗിക്കാനാകും. കാട്ടുപത്രിയുടെ കായ‌് കിലോയ്ക്ക് 60 രൂപ വരെ ലഭിക്കും. കുരുമുളകിന് 300 രൂപ മാത്രം ലഭിക്കുമ്പോളാണ് പത്രിപ്പൂവിന്റെ റെക്കോഡ്  വില.