ആനപ്പാറയിൽ നിറയെ മുപ്ലി വണ്ട്; രാത്രിയിൽ വീടുകളിലേയ്ക്ക്

മുപ്ലി വണ്ട് നിറഞ്ഞ്  ഇടുക്കി തൊടുപുഴയിലെ ആനപ്പാറ. ഭീമന്‍ പാറക്കെട്ടില്‍ പറ്റിപ്പിടിച്ച മുപ്ലി വണ്ടുകള്‍ വൈകുന്നേരമായാല്‍‍ വീടുകളിലേയ്ക്ക് പറന്നെത്തും. മുന്‍ വര്‍ഷങ്ങളേക്കാള്‍ വണ്ടുകളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍.

ആനപ്പാറയിലെ  പാറക്കെട്ടുകളാണ് മുപ്ലിവണ്ടിന്റെ താവളം. പകല്‍ സമയത്ത്  ഇങ്ങനെ  പാറ മുഴുവന്‍ പറ്റിപ്പിടിച്ച് ഇരിക്കും. രാത്രിയായാല്‍ വെട്ടം കാണുന്ന വീടുകളിലേയ്ക്ക് പറന്നെത്തും. തൊടുപുഴ ഏഴല്ലൂർ ആനപ്പാറയ്ക്ക് സമീപത്തുള്ള നൂറോളം വീടുകളിലാണ് മുപ്ലി വണ്ടിന്റെ ശല്ല്യം ഏറിയത്. മുറിക്കുള്ളിലും, 

ഭക്ഷണത്തിലും,  എന്നുവേണ്ട സർവത്ര വണ്ട്.  വണ്ടിനെ ഒഴിവാക്കാന്‍ രാത്രി പലരും വീട്ടിലെ ലൈറ്റുകള്‍ തെളിക്കാറില്ല.

റബർ മരങ്ങളുടെ തളിരിലയാണ് ഇവയുടെ ഭക്ഷണമെങ്കിലും വെട്ടമുള്ള സ്ഥങ്ങളിലാണ് ഇവയുടെ ശല്യം. കാലങ്ങളായുള്ള ആനപ്പാറക്കാരുടെ ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. ഇവയെ നശിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും നടപടിയില്ല.