കുടിവെള്ള ക്ഷാമം രൂക്ഷം; നട്ടംതിരിഞ്ഞ് കുന്നുകര പഞ്ചായത്ത്

വേനല്‍ കടുത്തതോടെ എറണാകുളം കുന്നുകര പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കോവിഡ് ലോക്ഡൗണ്‍ പ്രാബല്യത്തില്‍വന്നതോടെ കനാല്‍വഴിയുള്ള ജലസേചനം നിര്‍ത്തിയതും പ്രതിസന്ധി രൂക്ഷമാക്കി.

വടക്കന്‍ പറവൂരിനടുത്ത് കുന്നുകര പഞ്ചായത്തിലെ പൊരിക്കല്‍പള്ളത്തെ കുടിവെള്ള പൈപ്പുകള്‍ കഴിഞ്ഞ രണ്ടുമാസമായി വിശ്രമത്തിലാണ്. തുള്ളി വെള്ളം പൈപ്പില്‍നിന്ന് കിട്ടില്ല. പ്രദേശത്തേക്ക് വെള്ളമെത്തിച്ചിരുന്ന അടുവാശേരി മലായികുന്നിലെ കുടിവെള്ള പദ്ധതിയില്‍നിന്ന് പമ്പിങ്ങില്ലാത്തതാണ് പ്രശ്നം. ജലസേചനത്തിനായി കനാലിലൂടെയുള്ള വെള്ളമായിരുന്നു പിന്നെയുണ്ടായിരുന്ന ഏക ആശ്രയം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ പമ്പിങ്ങും നിര്‍ത്തി. കുറച്ച് വീടുകളിലെ കിണറില്‍ വെള്ളമുണ്ടെങ്കിലും കോവിഡ് ഭീതിമൂലം വെള്ളമെടുക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നുമില്ല.

കുടിക്കാന്‍പോലും വെള്ളമില്ലാതെ നട്ടംതിരിയുന്നതിനിടെയെത്തിയ കോവിഡ് പ്രതിരോധവും കുന്നുകരക്കാര്‍ക്ക് ഇപ്പോള്‍ ഇരട്ടി പ്രഹരമായിരിക്കുകയാണ്.