മുഖംമിനുക്കി ലാലൂര്‍; ഇന്‍ഡോര്‍ സ്റ്റേ‍ഡിയം നിര്‍മാണം അവസാനഘട്ടത്തില്‍

തൃശൂരിന്‍റെ മാലിന്യം തള്ളി കുപ്പത്തൊട്ടിയായി മാറിയ ലാലൂര്‍ മുഖംമിനുക്കി. ലാലൂരില്‍ ഒരുങ്ങുന്ന കായിക ഗ്രാമത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഫുട്ബോള്‍, ഹോക്കി സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉടന്‍ തുടങ്ങും. 

ലാലൂര്‍ മാലിന്യ സമരം ഐതിഹാസിക പോരാട്ടമായിരുന്നു. മാലിന്യം കുന്നുകൂടിയ മലകളെ സാക്ഷിനിര്‍ത്തി ലാലൂര്‍ ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ഇന്നു വിജയത്തിന്റെ വഴിയിലേക്ക് മാറി. രാജ്യാന്തര നിലവാരത്തില്‍ മൂന്നു സ്റ്റേഡിയങ്ങള്‍. ലോകനിലവാരത്തിലുള്ള നീന്തലക്കുളം.. ഇങ്ങനെ പോകുന്നു ലാലൂരിന്റെ മുഖംമാറ്റം. ഇതു വെറും പ്രഖ്യാപനങ്ങള്‍ അല്ല. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പണി കഴിയാറായി. 44 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ഇതു കഴിഞ്ഞ ഉടനെ ഫുട്ബോള്‍, ഹോക്കി സ്റ്റേഡിയങ്ങളുടെ നിര്‍മാണം തുടങ്ങും. 184 കോടി രൂപയാണ് മൊത്തം പ്രതീക്ഷിക്കുന്ന ചെലവ്. 

സ്റ്റേഡിയങ്ങളുടെ പണി തുടങ്ങിയപ്പോള്‍ മാലിന്യ പ്ലാന്റിന്റെ നിര്‍മാണമാണെന്ന് നാട്ടുകാര്‍ സംശയിച്ചിരുന്നു. മറുപടി പറഞ്ഞ് തോറ്റത് നാട്ടിലെ ജനപ്രതിനിധികളായിരുന്നു. ലാലൂരിന്റെ ഈ മുഖംമാറ്റത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ലാലൂര്‍ സമര സമിതിയാണ്.