നാട്ടുകാരുടെ കുടിവെളളം മുട്ടിച്ച് ഫ്ലാറ്റ്; പ്രതിഷേധം

നാട്ടുകാരുടെ കുടിവെളളം മുട്ടിച്ച് കൊച്ചി പനങ്ങാട്ടെ ഫ്ളാറ്റ് സമുച്ചയം . അനധികൃതമായി കുടിവെളളം ചോര്‍ത്തിയ ഫ്ളാറ്റ് സമുച്ചയത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് കുമ്പളം പഞ്ചായത്തിലെ അഞ്ഞൂറിലേറെ കുടുംബങ്ങള്‍. വെളളം ചോര്‍ത്തല്‍ കണ്ടെത്തിയിട്ടും ജലഅതോറിറ്റിയോ പൊലീസോ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

കുമ്പളം പഞ്ചായത്തിലെ പതിനൊന്ന്,പന്ത്രണ്ട് വാര്‍ഡുകളിലെ നാട്ടുകാരാണ് ഫ്ളാറ്റ് സമുച്ചയത്തിന്‍റെ വെളളം ചോര്‍ത്തലിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. ഫ്ളാറ്റിലെ രണ്ട് താമസക്കാരുെട പേരില്‍ തരപ്പെടുത്തിയ ജലഅതോറിറ്റി കണക്ഷന്‍ ഉപയോഗിച്ചാണ് വെളളം ചോര്‍ത്തല്‍.അര ഇഞ്ച് കനമുളള പൈപ്പുപയോഗിച്ച് വെളളമെടുക്കുന്നതിനു പകരം രണ്ടര ഇഞ്ച് കനമുളള പൈപ്പിട്ടായിരുന്നു വെളളം ചോര്‍ത്തല്‍.ഇതോടെയാണ് ചുറ്റുമുളള അഞ്ഞൂറോളം കുടുംബങ്ങളിലെ താമസക്കാരുടെ വെളളം കുടി മുട്ടിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജല അതോറിറ്റി അധികൃതര്‍ ഫ്ളാറ്റിലേക്കുളള കണക്ഷന്‍ വിഛേദിച്ചു.എന്നാല്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം