വാഗമണ്ണിൽ ക്വാറികൾ അനുവദിച്ചതിൽ പ്രതിഷേധം; സമരത്തിനൊരുങ്ങി നാട്ടുകാർ

ഇടുക്കി വാഗമണ്ണിലെ പരിസ്ഥിതിലോല മേഖലയില്‍ കരിങ്കൽ ക്വാറികൾക്ക് അനുമതി നൽകിയതിന് എതിരെ നാട്ടുകാർ പ്രതിഷേധത്തിലേക്ക്. നൂറിലധികം വീടുകളുള്ള  തവളപ്പാറ മലയിലാണ് പാറ ഖനനത്തിന് സര്‍ക്കാര്‍ അനുമതി . സര്‍വേ രേഖകളില്‍ കൃത്രിമം നടത്തിയാണ് കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നേടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇത് തവളപ്പാറ മല.  വാഗമൺ ടൗണിൽ നിന്ന് ഒന്നരക്കിലോമീറ്റർ മാറിയുള്ള ഈ മനോഹരമായ പ്രദേശം നാളെ ഒരു പക്ഷെ ഉണ്ടായേക്കില്ല.   ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച വാഗമണിലെ ഈ കൂറ്റൻ മല പൊട്ടിച്ചു തീർക്കാന്‍   മൂന്ന് സ്വകാര്യ വ്യക്തികളുടെ   കരിങ്കൽ ക്വാറികൾക്കാണ്   അനുമതി ലഭിച്ചത്. നൂറ്റിപ്പത്ത് വീടുകളും, പഞ്ചായത്തിന്റെ കുടിവെള്ള ടാങ്കും, വംശനാശം നേരിടുന്ന ഉടുമ്പും, മൂള്ളന്‍പന്നിയുമെല്ലാം ഉള്‍ക്കൊള്ളുന്ന   ഈ മലയുടെ    36 ഏക്കറാണ് കരിങ്കല്‍ ക്വാറികള്‍ക്ക് നല്‍കുന്നത്. 

സര്‍വേ രേഖകള്‍ തിരുത്തി, ഉദ്യോഗസ്ഥരും ക്വാറിമാഫിയയും ഒത്തുകളിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ ജീവനും സ്വത്തിനും പുല്ലുവിലപോലും നല്‍കാതെയാണ് പരിസ്ഥിതി പ്രാധാന്യ മേഖലയിൽ പാറമടകൾക്ക് ലൈസൻസ് നല്‍കിയത്.ക്വാറികൾക്ക് നൽകിയ അനുമതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താവളപ്പാറമല സംരക്ഷണസമിതി  പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.