ചിന്നക്കനാലിലേയ്ക്ക് ബദൽ സംവിധാനം വേണം; വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിൽ

മലയിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വഴിമുട്ടി നാട്ടുകാരും വിനോദ സഞ്ചാരികളും. ചിന്നക്കനാലിലേയ്ക്ക്  ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. പ്രദേശത്തെ   വിനോദ സഞ്ചാരമേഖലകളിലേയ്ക്കുള്ള പ്രധാന വഴിയാണ് അടഞ്ഞത്.

ഓഗസ്റ്റ് എട്ടിനാണ് നിര്‍മാണത്തിലിരുന്ന  ദേശീയ പാത 85ല്‍ ഗ്യാപ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കെട്ടുകള്‍ വീണ് ഈ വഴി പൂര്‍ണമായി തകര്‍ന്നു. രണ്ട് നിര്‍മാണത്തൊഴിലാളികളും അന്നിവിടെ മരിച്ചിരുന്നു. 

മലയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി  നിരോധിച്ചതോടെ  ചിന്നക്കനാല്‍ മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്    പുറം ലോകവുമായി ബന്ധപ്പെടുന്നതിന് റോഡില്ലാത്ത സ്ഥിതിയാണ്.  മൂന്നാറിലും, പൂപ്പാറയിലുമടക്കം എത്തിപ്പെടുന്നതിന് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കണം.  ദേവികുളം– ഓഡിക്ക റോഡ് സമാന്തരപാതയായി തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കൊളുക്കുമലയിലേയ്ക്കും  സൂര്യനെല്ലിയിലേയ്ക്കുമെല്ലാമുള്ള വിനോദസഞ്ചാര പാതകൂടിയാണ് ഇങ്ങനെ അടഞ്ഞ് കിടക്കുന്നത്. മഞ്ഞുകാലമാസ്വദിക്കാനെത്തുന്ന  ആയിരക്കണക്കിന് സഞ്ചാരികളെ കാത്തിരിക്കുന്ന ചിന്നക്കനാലിന്റെ വിനോദ സഞ്ചാരമേഖലയും ഇതോടെ പ്രതിസന്ധിയിലായി.