പ്രതിഷേധം ഫലം കാണുന്നു; തീരദേശ റെയില്‍ പാതയിലെ യാത്രാക്ലേശം പരിഹരിക്കും

കായംകുളം എറണാകുളം റെയില്‍ പാതയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ്  റെയില്‍വെയില്‍ നിന്ന് കിട്ടിയതായി ഹൈബി

ഈഡന്‍ എംപി. പുതുതായി ഏര്‍പ്പെടുത്തിയ  മെമുവില്‍ റേക്കുകളുടെ എണ്ണം കൂട്ടുകയോ അധികമായി ട്രയിന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയോ ചെയ്യാമെന്ന് ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരും ഡിആര്‍എമ്മും അറിയിച്ചെന്നും എംപി പറഞ്ഞു. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനു പിന്നാലെയാണ് റെയില്‍വെയുടെ ഇടപെടല്‍.

കായംകുളം എറണാകുളം പാതയിലെ പതിവു ട്രയിന്‍ യാത്രക്കാര്‍ കരിദിനാചരണം നടത്തിയാണ് റെയില്‍വെയ്ക്കെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. 16 ബോഗികളുളള പാസഞ്ചര്‍ ട്രയിനിനു പകരം 12 റേക്ക് മാത്രമുളള മെമു ഏര്‍പ്പെടുത്തിയതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. മൂവായിരത്തിേലറെ വരുന്ന പതിവ് യാത്രക്കാരെ മുഴുവന്‍ ഉള്‍ക്കൊളളാന്‍ മെമുവിന് കഴിയുന്നില്ലെന്നും തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്നുമാണ് യാത്രക്കാരുടെ പരാതി.  കരിദിനാചരണത്തിനു പിന്നാലെയാണ് എറണാകുളം എംപി ഹൈബി ഈഡന്‍ റെയില്‍വെ അധികൃതരുമായി സംസാരിച്ചത്.  

പ്രശ്നത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ഒപ്പു ശേഖരണമടക്കമുളള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് യുവജന സംഘടനയായ എഐവൈഎഫും പ്രഖ്യാപിച്ചിട്ടുണ്ട്.