ശമ്പളക്കുടിശികയും ഡിപ്പോസിറ്റ് തുകയും നല്‍കാതെ മുന്‍ജീവനക്കാരെ വഞ്ചിച്ചു; നടപടിയില്ല

പെരുമ്പാവൂരിന് സമീപം ഐരാപുരം സി. ഇ.ടി കോളജിൽ ശമ്പളക്കുടിശികയും ഡിപ്പോസിറ്റ് തുകയും നല്‍കാതെ മുന്‍ജീവനക്കാരെ വഞ്ചിക്കുന്നു. കുടിശികക്കായി അധ്യാപകരടക്കമുള്ള ജീവനക്കാര്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടലുമുണ്ടായില്ല. നവംബര്‍ മുപ്പതിനകം പണം നല്‍കാമെന്ന മാനേജ്മെന്റ് വാദം തട്ടിപ്പാണെന്നും സമരക്കാര്‍ ആരോപിച്ചു.

ശമ്പളകുടിശികയും ഡിപ്പോസിറ്റ് തുകയും ചേര്‍ത്ത് പന്ത്രണ്ട് കോടിയോളം രൂപയാണ് ഐരാപുരം സി.ഇ.ടി കോളജിലെ നൂറ്റിയിരുപത്തിനാല് മുന്‍ജീവനക്കാര്‍ക്ക് കിട്ടാനുള്ളത്. ജീവിതം വഴിമുട്ടിയതോടെ ഇവര്‍ കോളജ് പടിക്കല്‍ ആരംഭിച്ച സമരം ഒരു മാസം പിന്നിട്ടു. 

ജോലിക്ക് പ്രവേശിച്ചപ്പോള്‍ നല്‍കിയ ഡെപ്പോസിറ്റ് തുകയും ശമ്പളകുടിശികയുമടക്കം പതിന്നാല് ലക്ഷത്തോളം രൂപയാവശ്യപ്പെട്ട് മുന്‍ അധ്യാപികയും ഭര്‍ത്താവും കോളജ് പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോളേജിൽനിന്ന് പിരിഞ്ഞുപോയ അധ്യാപകരും അനധ്യാപകരും കുടിശിക ആവശ്യപ്പെട്ട് മാനേജ്മെന്റിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിരിഞ്ഞുപോകുമ്പോള്‍ തിരികെ നല്‍കാമെന്ന കരാറില്‍ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് വാങ്ങിയാണ് ജോലി നല്‍കിയിരുന്നത്. ശമ്പളം കിട്ടാതെ പിരിഞ്ഞുപോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്നാണ് പരാതി. ജീവനക്കാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായതെന്നും സമരക്കാര്‍ പറയുന്നു.

അതേസമയം സ്ഥലം വിറ്റ് പണം നല്‍കുമെന്ന പതിവ് നിലപാടിലാണ് മാനേജ്മെന്റ്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷമാത്രമാണ് സമരക്കാര്‍ക്കുള്ളത്.