പ്രളയത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകർക്ക് ആശ്വാസം; ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രത്യേക ചന്ത

പ്രളയത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രത്യേക ചന്ത തൃശൂരില്‍ തുടങ്ങി. കൃഷിവകുപ്പ് മുന്‍കയ്യെടുത്ത് തുടങ്ങിയ പച്ചക്കറി ചന്ത ഓണം വരെ തുടരും. 

 പ്രളയത്തിനിടെ മികച്ച വിപണി കണ്ടെത്താന്‍ കഴിയാതെ വലയുന്ന കര്‍ഷകരെ സഹായിക്കാനാണ് ഈ ചന്ത. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് ഒരുക്കിയ പ്രത്യേക ചന്തയില്‍ നിന്ന് വിഷമില്ലാത്ത പച്ചക്കറികള്‍ വാങ്ങാം. ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന സ്വരൂപിച്ച പച്ചക്കറികളാണ് ഇങ്ങനെ വിറ്റഴിക്കുന്നത്. പൊതുവിപണിയേക്കാല്‍ അല്‍പം വില കൂടുതലായിരിക്കും. പക്ഷേ, വിഷമില്ലാത്ത പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്കു വാങ്ങാനുള്ള അവസരമാണിതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

മറ്റു ജില്ലകളിലും സമാനമായ ചന്തകള്‍ കൃഷിവകുപ്പ് തുടങ്ങും. കര്‍ഷകരുടെ വിഭവങ്ങള്‍ക്കു മികച്ച വില കൂടി ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ഗുണമേന്‍മ തിരിച്ചറിഞ്ഞ് പല കാറ്ററിങ് കമ്പനികളും പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ എത്തിയിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറികള്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു.