ജാക്കി വച്ച് വീട് പൊക്കും; ഇനിയും നിലകൾ പണിയാം; പ്രളയം തൊടാതെ പോകുമോ?

കഴിഞ്ഞ മഴക്കാലം തന്ന നടുക്കുന്ന ഒാർമകളിലാണ് മലയാളി. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപ് ഇനിയും വെള്ളം കയറാതിരിക്കാനുള്ള  തയാറെടുപ്പിലാണ് ചിലർ. ഇതന്റെ ഭാഗമായി വീട് ഉയർത്തുന്ന നീക്കങ്ങളും സജീവമാണ്.  വീട് ഉയർത്തലിൽ സജീവമായ വി.ഷിബു മാനേജിങ് പാർട്ണറായ ‘ഭൂമി’യുടെ അടുത്ത് ആവശ്യവുമായി എത്തുന്നവരും ഏറെയാണ്.

ഷിബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട്  ഉയർത്തുന്ന 100ാമത്തെ വീടാണിത്. 25 വർഷം മുതൽ 100 വർഷം വരെ പഴക്കമുള്ള വീടുകൾ ഇതിനകം ഉയർത്തിയിട്ടുണ്ട്. വെളിപ്പറമ്പ് – ഉമ്മളത്തൂർ റോഡിനു സമീപത്തെ നിർമാല്യമെന്ന വീട് 2011ൽ സ്വന്തമായി ഉയർത്തിയാണു ഷിബു ഈ മേഖലയിലേക്കു കടന്നുവന്നത്. കോഴിക്കോട്ട് 6 അടി വരെ വീട് ഉയർത്തിയിട്ടുണ്ട്. എറണാകുളത്ത് ഒരു വില്ല ഉയർത്തിയത് 12 അടി ഉയരത്തിലാണ്.   

വീടിന്റെ ചുമരുകൾക്ക് അടിയിലെ തറഭാഗം ഘട്ടം ഘട്ടമായി പെ‌ാളിച്ച് അടിയിൽ ജാക്കി സ്ഥാപിച്ചാണു വീട് ഉയർത്തുന്നത്. ഒന്നര, 2 അടി അകലത്തിലാണു ജാക്കി സ്ഥാപിക്കുക. ഇതിനിടെ പുതിയ തറയുടെ പണി തുടങ്ങും. പ്രത്യേകം നിർമിച്ച കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചാണ് തറ കെട്ടുന്നത്.  വെള്ളക്കെട്ടുള്ള ഭാഗത്തെ വീടുകളുടെ ചുമരുകളിലെ കല്ലുകൾക്കു ബലക്കുറവുണ്ടാകും.

അവിടങ്ങളിലെ വീടുകളുടെ ചുമരുകളുടെ അടിവശം പെ‌ാളിച്ചാണു ജാക്കി സ്ഥാപിക്കുന്നത്. വീടുകളുടെ തറകൾക്കു കോൺക്രീറ്റ് ബെൽറ്റ് ഇല്ലെങ്കിലും വീട് ഉയർത്താമെന്നും ഷിബു പറയുന്നു. ബെൽറ്റ് ഇല്ലാത്ത വീടുകൾക്കു താൽക്കാലികമായി സ്റ്റീൽചാനൽ ബെൽറ്റ് ഇട്ട്, വീട് ഉയർത്തിയ ശേഷം, സ്റ്റീൽ ബെൽറ്റ് മാറ്റി പുതിയ തറയിലേക്കു വീടിനെ ഇരുത്തും.

ബെൽറ്റ് ഇല്ലാത്ത വീടുകളുടെ ഉറപ്പ് വർധിപ്പിക്കാൻ ഉപയോക്താക്കളുടെ ആവശ്യപ്രകാരം കോൺക്രീറ്റ് ബെൽറ്റ് വാർക്കുന്നുമുണ്ട്. ഇത്തരം തറയുടെ സവിശേഷത കാരണം വീട് ഉയർത്തിയ ശേഷം ഒന്നോ രണ്ടോ നില കൂടുതൽ പണിയാമെന്നും ഷിബു പറഞ്ഞു. ഒരു പുതിയ വീട് പണിയുന്നതിന്റെ മൂന്നിലെ‌ാന്നു തുകയേ ഇതിനു ചെലവാകൂ. 

കരാർ ഒപ്പിടും 

വീട്ടുടമസ്ഥനുമായി മുദ്രപത്രത്തിൽ കരാ‍ർ ഒപ്പിട്ട ശേഷമാണു പണി തുടങ്ങുന്നത്. 30–45 ദിവസത്തിനകം പണി പൂർത്തിയാകും. വീട് ഉയർത്താൻ ചതുരശ്ര അടിക്ക് 200 രൂപ മുതലാണു നിരക്ക്. നിർമാണ സാമഗ്രികളുടെ ചെലവ് ഉടമ വഹിക്കണം. വീട് ഉയർത്തിയ ശേഷം തറയുടെ ഉൾഭാഗം മണ്ണിട്ടുനികത്തുന്നതിന്റെ ചെലവും വീടിന്റെ താഴത്തെ നിലയിലെ ഫ്ലോറിങ് ചെയ്യുന്നതിന്റെ ചെലവും പ്ലമിങ് ജോലികളും ഉടമ വഹിക്കണം.

വീടുകൾ ഉയർത്താം 

വീടിന്റെ തറയുടെ ഒരു ഭാഗം താഴ്ന്നുപോയി ചുമരിലുണ്ടാകുന്ന വിള്ളൽ പരിഹരിക്കാനും ഈ വിദ്യ ഉപയോഗപ്പെടുത്താം. തറ ഉയർത്തി ഒരേ നിരപ്പിലാക്കുന്നതോടെ അകന്നുപോയ ചുമരും അടുക്കും. പഴയവീട് ഉയർത്തുമ്പോൾ ചിലപ്പോൾ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞുപോകാൻ സാധ്യതയുണ്ട്. ഇവിടെപുതിയ ചുമരുകെട്ടിയ ശേഷമാണ് വീണ്ടും വീടുയർത്തുക.