ദുരിതാശ്വാസക്യാംപില്‍ താമസിച്ചില്ല; ആദിവാസി കോളനി നിവാസികള്‍ക്ക് പ്രളയ സഹായം നിരസിച്ചു

ഉരുൾപൊട്ടലില്‍ സര്‍വതും നഷ്ടമായ ആദിവാസി കോളനി നിവാസികള്‍ക്ക്  പ്രളയദുരിതാശ്വാസ ക്യാംപില്‍ താമസിച്ചില്ലെന്ന കാരണം പറഞ്ഞ് ധനസഹായം നിരസിച്ചതായി പരാതി. മലപ്പുറം കവളപ്പാറ ഉള്‍പ്പെടുന്ന  പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി വനത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കാത്തത്.

ചാലിയാർ പുഴക്ക് കുറുകെയുണ്ടായിരുന്ന ഇരുട്ടുകുത്തിക്കടവിൽ പാലം പ്രളയത്തിൽ ഒലിച്ചു പോയതോടെ മുണ്ടേരിവനത്തിനുള്ളിലെ വാണിയംപുഴ, തണ്ടൻകല്ല്, ഇരുട്ടുകുത്തി, കുമ്പളപാറ, തരിപ്പപൊട്ടി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. പ്രളയം രൂക്ഷമായ ദിവസങ്ങളില്‍ പട്ടിണിയിലായ ആദിവാസി കുടുംബങ്ങള്‍ക്ക് ഹെലികോപ്ടര്‍ മാര്‍ഗം ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കിയതും അന്ന് വാര്‍ത്തയായിരുന്നു. മലവെളളപ്പാച്ചിലില്‍ എല്ലാം നഷ്മായ ആദിവാസി കുടുംബങ്ങള്‍ ഉറങ്ങുന്നത് താല്‍ക്കാലിക ഷെഡ്ഡുകളിലാണ്. എന്നാല്‍ സര്‍ക്കാര്‍ വക ധനസഹായം മാത്രം നല്‍കിയില്ല.

ദുരിതാശ്വാസ ക്യാംപില്‍ താമസിച്ചില്ലെന്ന വിചിത്രമായ വാദമുന്നയിച്ചാണ് കോളനിക്കാരുടെ സഹായം നിരസിക്കുന്നത്. പാലമില്ലാതായതോടെ ചാലിയാറിനു കുറുകെ ചങ്ങാടം ഉപയോഗിച്ചാണ് ആദിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടുന്നത്.

ശക്തമായ മഴയും ഉരുള്‍പൊട്ടല്‍ സാധ്യതയും തുടരുന്നതിനാല്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോലും ആദിവാസികള്‍ക്ക് മല കയറാനുമാവുന്നില്ല.