പുനരധിവാസം പോലും വഴിമുട്ടിനിൽക്കെ ജപ്തി നടപടി: ജനങ്ങൾക്ക് ഇരുട്ടടി

പ്രളയം കനത്തനാശം വിതച്ച കൂട്ടിക്കൽ, കൊക്കയാർ  മേഖലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്ക് അടക്കം വിവിധ ബാങ്കുകൾ പ്രദേശത്തെ വീടുകളിൽ ജപ്തി നോട്ടിസ് പതിച്ചു. പുനരധിവാസം പോലും വഴിമുട്ടിനിൽക്കെയാണ് ബാങ്കുകളുടെ കടുത്ത നടപടി.   

ഏന്തയാർ വളളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും 2012ൽ വീടുപണിക്കായി സഹകരണ ബാങ്കിൽ നിന്നെടുത്തത് ആറ് ലക്ഷം. ഇന്ന് കുടിശികയടക്കം ബാധ്യത 17 ലക്ഷം.  മാർച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടിസ് പതിച്ചു.  

കാർഷിക വായ്പ,ഭവന വായ്പ ചെറുകിട സംരംഭ വായ്പ എന്നിവയ്ക്കായി  നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് ലോൺ എടുത്തിട്ടുള്ളത്.  ഇതാണ് പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേർന്ന് വൻ തുകയായി മാറി ജപ്തി നടപെടിയിലേക്ക് എത്തിയത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ഈ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. 

ചികിത്സക്കായി അഞ്ച് ലക്ഷം വായ്പയെടുത്ത ഏന്തയാർ കൊടുങ്ങ സ്വദേശി ഗംഗാധരന് തിരിച്ചടയ്ക്കേണ്ടത് ഒൻപത് ലക്ഷം രൂപ.  ജീവിതമാകെ അനിശ്ചിതത്തിലായ ഇവർ വായ്പകൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.