മഹാപ്രളയത്തിൽ കൃഷി ഒലിച്ചുപോയി; നഷ്ടപരിഹാരം ഇനിയും കിട്ടിയില്ല: ദുരിതം

2018 ലെ പ്രളയത്തിൽ മലപ്പുറം കരുവാരകുണ്ടില്‍ ഭൂമിയടക്കം കൃഷിയാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം വിതരണം ചെയ്യാനായില്ല. ഒലിപ്പുഴ ഗതി മാറി ഒഴുകിപ്പോള്‍ തുരുമ്പോട മങ്കുണ്ട് പ്രദേശത്തെ പത്തു കുടുംബങ്ങളുടെ കൃഷിഭൂമിയാണ് ഒലിച്ചുപോയത്.

  

അപ്രതീക്ഷിതമായി ദിശ മാറി ഒഴുകിയ പുഴയുടെ കുത്തൊഴുക്കില്‍ നിറയെ കായ്ഫലമുളള കമുകും തെങ്ങും നിറഞ്ഞ ഒന്നര ഏക്കറിലധികം കൃഷിഭൂമിയാണ് അപ്രത്യക്ഷമായത്. പുഴ ഇപ്പോള്‍ ഒഴുകുന്നത് ഈ ഭൂമിയിലൂടെയാണ്. കൃഷി ഉദ്യോഗസ്ഥര്‍ പലവട്ടം കണക്കെടുപ്പു നടത്തി എന്നല്ലാതെ നഷ്ടപരിഹാരം മാത്രം ലഭ്യമായില്ല.

എം.കെ. ശിവശങ്കരൻ, പി.കെ. ശിവൻ, സി.എം. യാസിർ, നെച്ചിക്കാടൻ മുഹമ്മദ്, ഇബ്രാഹിം, സൈനുദ്ദീൻ തുടങ്ങി ഒട്ടേറെ കര്‍ഷകരുടെ  വീടുകളും കൃഷിഭൂമിയും നിലവില്‍ ഭീഷണി നേരിടുന്നുമുണ്ട്.  നിലവിലുളള ഭൂമിയും വീടുകളും സംരക്ഷിക്കാന്‍ അധികൃതർ വാഗ്ദാനം ചെയ്ത ഭിത്തി നിര്‍മാണത്തിന് മൂന്നു കോടി രൂപ അനുവദിച്ചുവെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.  

സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇനിയൊരു മലവെള്ളപ്പാച്ചിലുണ്ടായാൽ പരിസരത്തെ കുടുംബങ്ങള്‍ കൂടുതല്‍ അപകടത്തിലാവും.