മൂന്നാറിലെ വഴിയോര കച്ചവടം; റവന്യൂവകുപ്പ് ഒഴിപ്പിക്കൽ തുടങ്ങി

മൂന്നാർ ടൗണിൽ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടകള്‍ റവന്യുവകുപ്പിന്റെ നേത്യത്വത്തില്‍ ഒഴിപ്പിച്ചു. എട്ടു കടകളാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ  ദൗത്യസംഘം ഒഴിപ്പിച്ചത്. കയ്യേറ്റമൊഴിപ്പിക്കൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം.

മൂന്നാർ ടൗണിൽ കൂടെയുള്ള കാല്‍നടയാത്ര വരെ ദുഷ്കരമായതോടെയാണ്  പെട്ടിക്കടകളും അനധിക്യത കച്ചവടക്കാരെയും  ഒഴിപ്പിക്കൽ തുടങ്ങിയത്. മൂന്നാര്‍ സ്‌പെഷ്യൽ  തഹസില്‍ദാര്‍ മുഹമ്മദ്  ഷഫീകിന്റെ നേത്യത്വത്തില്‍ പൊലിസും  ദൗത്യസംഘവും സംയുക്തമായാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. നടപ്പാതകള്‍ കൈയ്യേറി കച്ചവടം നടത്തിവര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് പഞ്ചായത്തും റവന്യുവകുപ്പും സമയം നല്‍കിയിരുന്നു. 

എന്നാൽ ടൗണിലെ ചില മേഖലകളിൽ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന നോ-പാര്‍ക്കിങ്ങ് ബോര്‍ഡുകളും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥാപിച്ചിരുന്ന പാത്രങ്ങളും  എടുത്തുമാറ്റിയാണ് കടകള്‍ സ്ഥാപിച്ചിരുന്നത്. ഇത്തരം കൈയ്യേറ്റങ്ങളാണ് റവന്യുവകുപ്പിന്റെ നേത്യത്വത്തില്‍ ഒഴിപ്പിച്ചത്. ഓണക്കാലത്തോട് അനുബന്ധിച്ച് മൂന്നാര്‍ ടൗണില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് നടപടി.