കടൽഭിത്തി നിർമിക്കാത്തതിനെതിരെ മനുഷ്യഭിത്തി

എറണാകുളം ചെല്ലാനത്ത്  കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കാത്തതിനെതിരെ കടലില്‍ മനുഷ്യക്കടല്‍ഭിത്തി നിര്‍മിച്ച് പ്രതിഷേധം. കെ.സി.വൈ.എം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പങ്കാളികളായി. മഴക്കാലത്തിന് മുന്‍പ് കടല്‍ഭിത്തി യാഥാര്‍ഥ്യമായില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനാണ് നാട്ടുകാര്‍ തയാറെടുക്കുന്നത്. 

കാലവര്‍ഷത്തിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ ചെല്ലാനം തീരത്തെ കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ആശങ്കയിലാണ്. ഒാഖി പൂര്‍ണമായും കടല്‍ഭിത്തി തകര്‍ത്തെറിഞ്ഞതോടെ വേലിയേറ്റ സമയത്തടക്കം വെള്ളം വീടുകളിലേക്ക് ഇരച്ചെത്തും. ഇതിനൊപ്പമാണ് വര്‍ഷകാലത്തെ ദുരിതവും.   ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് 8 കോടി രൂപ മുതല്‍മുടക്കില്‍ ചെയ്ത ജിയോട്യൂബ് നിര്‍മാണവും തുടങ്ങിയിടത്ത് തന്നെ. രണ്ടാഴ്ച മുന്‍പ് മറുവക്കാട് വേളാങ്കള്ളി പള്ളിക്ക് സമീപം നിര്‍മാണം നിലച്ച ജിയോ ട്യൂബിന് മുകളില്‍ കിടന്നായിരുന്നു തീരദേശത്തിന്റെ പ്രതിഷേധം. ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ക്ഷോഭിച്ചെത്തുന്ന കടല്‍തിരമാലകള്‍ക്ക് നടുവില്‍ മനുഷ്യകടല്‍ഭിത്തി തീര്‍ത്തുള്ള ഈ പ്രതിഷേധവും.

അതിജീവനത്തിനായുള്ള ഈ സമരം ചെല്ലാനം തീരത്ത് നിന്ന് നഗരത്തിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. വരുന്ന ദിവസം കലക്ടറേറ്റ് ഉപരോധിച്ച് പ്രതിഷേധിക്കാനും തീരസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചെല്ലാനത്തെ നിസഹായരായ ജനങ്ങളെത്തും