നൂറുമേനി കൊയ്ത് കുട്ടനാട്ടിലെ കര്‍ഷകര്‍

പ്രളയം നാശംവിതച്ച പാടങ്ങളില്‍നിന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇത്തവണ കൊയ്തെടുത്തത് നൂറുമേനി വിളവ്. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ ഇരട്ടി നെല്ലാണ് ഇത്തവണ കൊയ്തെടുത്തത്. പ്രളയത്തില്‍ അടിഞ്ഞ എക്കല്‍മണ്ണ് മികച്ച വിളവിന് പ്രധാനകാരണമായെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ആലപ്പുഴയില്‍ ഇത്തവണ നാല്‍പതിനായിരം ഹെക്ടറിലാണ് കൃഷിയിറക്കിയത്. 1.78 ലക്ഷം ടണ്‍ നെല്ല് കര്‍ഷകരില്‍നിന്ന് ഇതുവരെ സംഭരിച്ചു. ഇരുപതിനായിരം ടണ്‍ ഓളം ഇനിയും സംഭരിക്കാനുണ്ട്. ഓരോ പാടത്തുനിന്നും ഇരട്ടിയോളം വിളവാണ് ഇത്തവണ ലഭിച്ചത്. മിക്കയിടത്തും കൊയ്ത്ത് കഴിഞ്ഞു. മഹാപ്രളയത്തില്‍ മുങ്ങിത്താണ മണ്ണില്‍നിന്നാണ് കുട്ടനാടന്‍ കര്‍ഷകര്‍ 455 കോടി രൂപയുടെ നെല്ല് ഉല്‍പാദിപ്പിച്ചത്. ഇതില്‍ 258 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചുകഴിഞ്ഞു. ചുരുക്കം ചിലയിടങ്ങളില്‍ വേനല്‍മഴ പ്രയാസമുണ്ടാക്കിയത് മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്കയിടത്തും ഇത്തവണത്തെ വിളവെടുപ്പും സുഗമമായിരുന്നു.

പ്രളയകാലത്ത് വന്നടിഞ്ഞ എക്കല്‍ മണ്ണ് മികച്ച വിളവിന് അനുകൂലമായ നിലമൊരുക്കിയെന്ന് കര്‍ഷകര്‍ പറയുന്നു. കീടബാധയും മറ്റു ശല്യങ്ങളും ഇത്തവണ കുറവായിരുന്നു. പ്രളയാനന്തരം സംസ്ഥാനത്ത് കൂടുതല്‍ പാടങ്ങളില്‍ വിത്തെറിയാന്‍ കൃഷിവകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. അതുകൊണ്ടുകൂടിയാണ് പുഞ്ചകൃഷിയില്‍ റിക്കാര്‍ഡ് വിളവുണ്ടായത്.