എന്തു നട്ടാലും 'വിളവെടുക്കാനെത്തുന്നത്' കാട്ടുപന്നിക്കൂട്ടം; വെല്ലുവിളിയായി വന്യജീവി ശല്യം

പ്രളയാനന്തരം  ഇടുക്കിയിലെ കര്‍ഷകര്‍ക്ക് മുന്നിലുയര്‍ന്ന ഒരു  വെല്ലുവിളി വന്യജീവികളുണ്ടാകിയ കൃഷി നാശമാണ്.  മലയോര മേഖലയില്‍ കൃഷിക്കും കര്‍ഷകന്റെ ജീവനും ഭീഷണിയായി കാട്ടുപന്നിയുള്‍പ്പടെയുള്ളവ പെരുകുകയാണ്. വന്യജീവി നിയന്ത്രണത്തിന് സര്‍ക്കാരിറക്കിയ ഉത്തരവ് കൊണ്ട് ഗുണമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രളയത്തില്‍ തകര്‍ന്ന  ഭൂമിയില്‍ വരെ  കൃഷിയിറക്കി, കടക്കെണിയും ജീവിത പ്രശ്നങ്ങളും തരണം ചെയ്യാമെന്ന് പ്രതീക്ഷയാണ് ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. കാരണം എന്തു നട്ടാലും വിളവെടുക്കാനെത്തുന്നത് കാട്ടുപന്നിക്കൂട്ടമാണ്. വിളവെത്താറായ ഏലത്തോട്ടങ്ങളില്‍ കുരങ്ങ് ശല്ല്യവും രൂക്ഷമാണ്.

ഏലക്കാടുകളില്‍ പെറ്റുപെരുകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പ്രായോഗികമല്ല. പ്രശ്നക്കാരനായ കാട്ടുപന്നിയെകണ്ടെത്തണം.  അപേക്ഷ സമര്‍പ്പിച്ച ശേഷം പഞ്ചായത്ത് പ്രതിനിധിയുടെയും പൊലീസിന്റെയും സാനിധ്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വെടിവെച്ചുകൊല്ലാമെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്. 

നടപടിക്രമങ്ങളുടെ നൂലാമാലകള്‍ കഴിയുമ്പോഴെക്കും കാട്ടുപന്നിക്കൂട്ടം വലിയ പ്രദേശത്തെ കൃഷി നശിപ്പിച്ചിട്ടുണ്ടാകും. ഒപ്പം കര്‍ഷകന്റെ പ്രതീക്ഷകളും. ഇടുക്കിയില്‍ ഈ വര്‍ഷം ആദ്യം ആത്മഹത്യ ചെയ്ത സന്തോഷിന്റെ വാഴത്തോട്ടം നശിപ്പിച്ചതും കാട്ടുപന്നികളാണ്.

കൃഷി നശിപ്പിക്കുന്ന വന്യജീവികളെ നിയന്ത്രിക്കാനുള്ള പ്രായോഗികമായ  ഉത്തരവിറക്കിയാലെ കര്‍ഷകനിവിടെ  രക്ഷയുള്ളു.  അല്ലെങ്കില്‍ നട്ടതും, കൊയ്യാറായതുമെല്ലാം വന്യജീവികള്‍ക്ക് ഭക്ഷണമാകും. കാര്‍ഷിക വായ്പകളുടെ തിരിച്ചടവ് വീണ്ടും മുടങ്ങും.