ചോർന്നൊലിച്ച് കുമളി മൃഗാശുപത്രി; അപകടഭീതി

അപകടനിലയിൽ കുമളി മൃഗാശുപത്രി കെട്ടിടം. വർഷങ്ങളായി ചോർന്നൊലിക്കുന്ന കെട്ടിടം പുതുക്കിപ്പണിയുന്നതിന് അനുമതി തേടി മൃഗസംരക്ഷണ വകുപ്പ്. മൃഗാശുപത്രി വെറ്ററിനറി പോളി ക്ലിനിക്കാക്കി ഉയർത്തണമെന്ന ആവശ്യവും ശക്തം.

കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള 2 ഏക്കർ സ്ഥലത്ത് 1961-ലാണ് മൃഗാശുപത്രി പ്രവർത്തിച്ചു തുടങ്ങിയത്. 1985-ൽ പണിത കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികളെല്ലാം ദ്രവിച്ച നിലയിലാണ്. മഴ പെയ്താൽ വെള്ളം മുറികളിൽ നിറയും. ഭിത്തികളെല്ലാം ഈർപ്പം ബാധിച്ച നിലയിലാണ്. ഇതു മൂലം ജീവനക്കാർ മുറിയിലെ ലൈറ്റുകളിടുന്നതു പോലും ജീവൻ പണയം വച്ചാണ്. 

 2240 കന്നുകാലികളാണ് ഔദ്യോഗിക കണക്കു പ്രകാരം പഞ്ചായത്തിലുള്ളത്. ഇതിൽ വെള്ളാരംകുന്ന് മുരിക്കടി മേഖലകളിലെ കർഷകരൊഴികെ മറ്റ് വാർഡുകളിൽ നിന്നുള്ളവർ കുമളിയിലാണ് എത്തുന്നത്. കുത്തിവയ്പെപെടുക്കാൻ കൊണ്ടുവരുന്ന മൃഗങ്ങളെ കെട്ടുന്ന സ്ഥലവും ചോർന്നൊലിക്കുകയാണ്. മൃഗാശുപത്രിക്കു പോളി ക്ലിനിക് പദവി ലഭിച്ചാൽ  കൂടുതൽ ജീവനക്കാരുടെ സേവനം ലഭിക്കും. ഇത് ക്ഷീര കർഷകർക്ക് ഏറെ അനുഗ്രഹമാകും.