ആദിവാസി കോളനിയിൽ നെൽകൃഷി ആരംഭിച്ചു

ആദിവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് കോതമംഗലം നേര്യമംഗലത്തെ ചന്തു ആദിവാസി കോളനിയിൽ നെൽകൃഷി ആരംഭിച്ചു. ട്രൈബൽ വകുപ്പിന്റെ ധനസഹായത്തോടെയാണ് കൃഷി ഇറക്കിയത്. പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 

 എറണാകുളം ജില്ലയില്‍ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന് സമീപം സർക്കാർ വിട്ടുനൽകിയ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. 97 കുടുംബങ്ങൾക്ക് പട്ടയം നൽകിയെങ്കിലും ഇവിടെ 27 കുടുംബങ്ങളാണ് സ്ഥിരതാമസമുള്ളൂ. ഇവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനാണ് കൃഷി വകുപ്പും, ട്രൈബൽ വകുപ്പും, ജില്ലാ പഞ്ചായത്തും കൈകോർത്തുള്ള പദ്ധതി. കഴിഞ്ഞ 35 വർഷമായി തരിശ് കിടന്ന സ്ഥലമാണ് കൃഷിക്ക് വേണ്ടി ഒരുക്കിയെടുത്തത്. ഇതിന് വേണ്ടി 13 ലക്ഷം രൂപ ടൈബൽ വകുപ്പ് അനുവദിച്ചു. 

ഒരാൾക്ക് 500 രൂപ ദിവസക്കൂലിയും, വിത്തും, വളവും, പണിയായുധങ്ങളും നൽകിയാണ് നെൽകൃഷി യാഥാർത്ഥ്യമാക്കിയത്. കൃഷിയിൽ സജീവമാകുന്നതോടെ ആദിവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുമെന്നാണ് ടൈബൽ വകുപ്പിന്റെ പ്രതീക്ഷ.  നെൽകൃഷിക്ക് പുറമെ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് വിത്തും, വളവും എല്ലാ ആദിവാസി കുടുംബങ്ങൾക്കും നൽകും.