കൈത്തറിവ്യവസായത്തെ കൈപിടിച്ചുയര്‍ത്താന്‍ സ്കൂള്‍ കുട്ടികളും

പ്രളയത്തില്‍ മുങ്ങിയ കൈത്തറിവ്യവസായത്തെ കൈപിടിച്ചുയര്‍ത്താന്‍ സ്കൂള്‍ കുട്ടികളും. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിലെ നല്ലപാഠം കൂട്ടായ്മയാണ് കൊച്ചി ചേന്ദമംഗലത്തെ കൈത്തറിതൊഴിലാളികള്‍ക്കായി കരവിരുത് ഒരുക്കുന്നത്.  

ഇത് ചേക്കുട്ടി. ചെളിയില്‍നിന്ന് ഉണ്ടായ കുട്ടി. പ്രളയത്തില്‍ ചേറുപുരുണ്ട ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിന്റെ പ്രതീകം. വെള്ളം കയറി, ചെളിപുരണ്ട് ഉപയോഗശൂന്യമായ കൈത്തറികളില്‍ നിന്ന് പാവ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടികളും അത് ഏറ്റുപിടിച്ചു. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്കൂളിലെ നല്ലപാഠം വിദ്യാര്‍ഥികളും എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് കുഞ്ഞുപാവകളെ തുന്നിയെടുക്കുന്നത്

ഒരു സാരിയില്‍നിന്ന് 360 പാവകളെയാണ് നിര്‍മിക്കുന്നത്. വില ഇരുപത്തിയഞ്ചുരൂപ. സാധ്യമാകുന്ന അത്രയും പാവകളെ കുട്ടികള്‍ തന്നെയാണ് വില്‍പന നടത്തുന്നത്. നവമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ വഴിയും പ്രചരണമുണ്ട്. ചേക്കുട്ടിയിലൂടെ ചേന്ദമംഗലം കൈത്തറിക്ക് അതിജീവനത്തിന്റെ വിപണി കണ്ടെത്തുകയാണ് ഈ ചെറുകൈകള്‍