മൂന്നാർ ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് തല്ലിതകർത്ത് എംഎൽഎയും തഹസിൽദാരും

തഹസില്‍ദാരുടെയും മൂന്നാർ എം.എൽ.എയുടെയും നേതൃത്വത്തിൽ മൂന്നാർ സ്പെഷൽ  ലാൻഡ് ട്രൈബ്യൂണല്‍ ഓഫീസിൽ അതിക്രമം.  പൂട്ട് തകർത്ത് ഓഫീസിൽ കയറി  ഫയലുകൾ നശിപ്പിച്ചു. ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെ  ഭീഷണിപ്പെടുത്തി . 

 മൂന്നാർ, ഹരിത ട്രൈബ്യൂണല്‍   ഓഫീസിൽ ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിൽ ആയിരുന്നു അതിക്രമം .ട്രൈബ്യൂണലില്‍  ജൂലൈ മുതൽ സിറ്റിങ് നിർത്തിയെങ്കിലും നിരവധി ഫയലുകൾ ഇവിടെയുണ്ട് .ഏഴോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു .

തന്ത്രപ്രധാനമായ ഒരു സർക്കാർ ഓഫീസിലാണ് ഇന്ന് അതിക്രമം നടന്നത് .ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദേവികുളം എം എൽ എ.എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സി പി എം പ്രവർത്തകർ ഇവിടെ അതിക്രമിച്ചു കയറുകയായിരുന്നു .രണ്ടു നിലകളിലായാണ് ഓഫീസിൽ പ്രവർത്തിക്കുന്നത് .രണ്ടാം നിലയിൽ കയറിയ ഇവർ മുറികളുടെ താഴുകൾ തകർത്തു ഫർണീച്ചറുകൾ പുറത്തേക്കു വലിച്ചെറിയുകയായിരുന്നു.

ഇവർക്ക് പിന്തുണയുമായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ തഹസിൽദാർ പി കെ ഷാജിയും ഉണ്ടായിരുന്നു .രേഖമൂലം എന്തെങ്കിലും എഴുതി തരണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരെ ഇവർ വിരട്ടി ഓടിച്ചെന്നും ആരോപണമുണ്ട് . പോലീസിൽ അറിയിച്ചെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല.

എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അതിക്രമം നടക്കുമ്പോൾ തങ്ങൾ നിസ്സഹായരാണെന്നായിരുന്നു പോലീസ് നിലപാട് .ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരുടെ പക്കൽ നിന്നും ഫോൺ പിടിച്ചെടുത്തു തഹസിൽദാരുടെ നേതൃത്വത്തിൽ ദൃശ്യങ്ങൾ  നീക്കം ചെയ്യുകയും ചെയ്തു .

മൂന്നാർ കോളേജിന് സ്ഥലം കണ്ടെത്താൻ ഇത് ഏറ്റെടുത്തതാണെന്നാണ് എം എൽ എ പറയുന്നത് .പൊതു മുതൽ നശിപ്പിച്ചതിന് തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസ് എടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു . ട്രിബുണലിലുള്ള ചില രേഖകൾ തട്ടിയെടുക്കുകയാണ് ഈ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്.